ആരോപണം വ്യാജമാണെന്ന് ബോധ്യമായാൽ പരാതിക്കാരിക്കെതിരെ നടപടി സ്വീകരിക്കാവുന്നതാണെന്ന് കോടതി പറഞ്ഞു. വ്യാജ ലൈംഗികാരോപണങ്ങളിൽ പൊലീസിന് നടപടിയെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്ത്രീകൾ നൽകുന്ന എല്ലാ ലൈംഗികാതിക്രമ പരാതികളും സത്യമാകണമെന്നില്ലെന്നും അതിനാൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
വ്യാജ പരാതികളിൽ ഉദ്യോഗസ്ഥർക്ക് പുറമെ കോടതിയും കുടുങ്ങുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ലൈംഗികാതിക്രമ പരാതിയിൽ പ്രതിയായ കണ്ണൂർ സ്വദേശിക്ക് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ ഈ പരാമർശം.പരാതി വ്യാജമാണെന്ന് ബോധ്യപ്പെട്ടാലും നടപടിയെടുക്കാൻ ചില പൊലീസ് ഉദ്യോഗസ്ഥർ മടിക്കാറുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇക്കാര്യത്തിൽ ആശങ്ക വേണ്ടതില്ലെന്നും ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ ശരിയാണെങ്കിൽ കോടതി അവരുടെ താൽപര്യം സംരക്ഷിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. വ്യാജപരാതികളിൽ വ്യക്തികൾക്കുണ്ടാകുന്ന ക്ഷതത്തിന് ഒന്നും പകരമാകില്ലെന്നും അതിനാൽ അന്വേഷണഘട്ടത്തിൽ തന്നെ പൊലീസ് സത്യം കണ്ടെത്തണമെന്നും കോടതി പറഞ്ഞു.