പ്രഭാത വാർത്തകൾ |
---|
2025 | മാർച്ച് 1 | ശനി |
1200 | കുംഭം 17 | പൂരുരുട്ടാതി |
◾ സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം ഇന്ന് 20 ദിവസത്തിലേക്ക് കടന്നു. അതിനിടെ ആശാവര്‍ക്കര്‍മാരുടെ സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ പുതിയ ഹെല്‍ത്ത് വോളണ്ടിയര്‍മാരെ തേടി എന്‍ എച്ച് എം സ്റ്റേഷന്‍ മിഷന്‍ ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കി. ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് സ്‌കീമില്‍ പുതിയ വോളണ്ടിയര്‍മാരെ കണ്ടെത്തി പരിശീലനം നല്‍കാനാണ് മാര്‍ഗനിര്‍ദ്ദേശം. ആശാ വര്‍ക്കമാര്‍ സമരം തുടര്‍ന്നാല്‍ ബദല്‍ സംവിധാനം ഒരുക്കണമെന്ന സര്‍ക്കുലറിന് പിന്നാലെയാണ് പുതിയ നിര്‍ദ്ദേശം. സര്‍ക്കാര്‍ നീക്കം അനുവദിക്കില്ലെന്നാണ് ആശ വര്‍ക്കര്‍മാരുടെ പ്രതികരണം.
◾ ആശ വര്‍ക്കര്‍മാരോട് സി.പി.എമ്മിന് ശത്രുതാപരമായ നിലപാടില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി. ഹര്‍ഷകുമാര്‍ നടത്തിയ പരാമര്‍ശം അദ്ദേഹം തള്ളി. ആശ വര്‍ക്കര്‍മാരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നാണ് സി.പി.എം നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. സി.ഐ.ടി.യു. നേതാവിന്റെ അധിക്ഷേപം ശരിയല്ലെന്നും വിമര്‍ശിക്കാന്‍ മോശം പദങ്ങള്‍ ഉപയോഗിക്കേണ്ട ആവശ്യമില്ലെന്നും നല്ല പദങ്ങള്‍ ഉപയോഗിക്കാമല്ലോയെന്നും അദ്ദേഹം ചോദിച്ചു.
◾ ആശ വര്‍ക്കര്‍മാരുടെ സമര സമിതി നേതാവ് എസ് മിനിക്കെതിരായ അധിക്ഷേപത്തിലുറച്ച് സിഐടിയു നേതാവ്. എസ് മിനി സാംക്രമിക രോഗം പരത്തുന്ന കീടമാണെന്ന പരാമര്‍ശം ബോധപൂര്‍വം പറഞ്ഞതാണെന്ന് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പിബി ഹര്‍ഷകുമാര്‍ പറഞ്ഞു. മുന്‍ പ്രസ്താവനയില്‍ ഉറച്ച ഹര്‍ഷകുമാര്‍ മിനിക്കെതിരെ അധിക്ഷേപം തുടര്‍ന്നു.
◾ കേരളത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ സമ്പൂര്‍ണ ഐക്യം വേണമെന്ന് ഹൈക്കമാന്‍ഡ്. മാധ്യമങ്ങളില്‍ വ്യത്യസ്ത അഭിപ്രായം പറയാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഹൈക്കമാന്‍ഡ് പൂര്‍ണ നിരീക്ഷണം നടത്തുമെന്നും യോഗത്തില്‍ നേതൃത്വം വ്യക്തമാക്കി. കെപിസിസി അധ്യക്ഷനെ മാറ്റുന്ന കാര്യം ഉള്‍പ്പെടെ യോഗത്തില്‍ ചര്‍ച്ചയായില്ല. പരാതിയുള്ള ഡിസിസികളില്‍ മാത്രം പുനസംഘടന നടത്താനും യോഗത്തില്‍ തീരുമാനിച്ചു.
◾ മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു കാലതാമസവും ഉണ്ടായിട്ടില്ലെന്ന് റവന്യു-ഭവന വകുപ്പ് മന്ത്രി കെ രാജന്‍. വീടുകള്‍ നിര്‍മ്മിച്ചുതരാമെന്നേറ്റ ഏജന്‍സികളുമായും, രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായും സ്‌പോണ്‍സര്‍മാരുമായും മുഖ്യമന്ത്രി ഉള്‍പ്പെടെ ആശയവിനിമയം നടത്തിയിരുന്നതായും മന്ത്രി പറഞ്ഞു. മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം സംബന്ധിച്ച് തൃശ്ശൂര്‍ രാമനിലയം ഗസ്റ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
◾ കേരളത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യ അതിവേഗ ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന കെഫോണ്‍ പദ്ധതിക്കായി ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് തുടക്കമായെന്ന് അധികൃതര്‍ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ബിപിഎല്‍ വിഭാഗത്തിലുള്ള കുടുംബങ്ങളിലേക്ക് കെഫോണ്‍ കണക്ഷനുകള്‍ ലഭ്യമാകുന്നതിനായി ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടാതെ 9061604466 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് 'KFON BPL' എന്ന് ടൈപ്പ് ചെയ്ത് അയച്ചാല്‍ തുടര്‍ നടപടികള്‍ വാട്‌സാപ്പിലൂടെയും ലഭ്യമാകും.
◾ എല്ലാ അടിയന്തര സേവനങ്ങളും ഇനി ഒറ്റ നമ്പറില്‍ ലഭിക്കുമെന്ന് കേരള പൊലീസ്. പൊലീസ്, ഫയര്‍, ആംബുലന്‍സ് എന്നിങ്ങനെ എല്ലാ അടിയന്തര സേവനങ്ങള്‍ക്കും 112 എന്ന നമ്പറില്‍ വിളിക്കാം. അടിയന്തര സേവനങ്ങള്‍ക്ക് രാജ്യം മുഴുവന്‍ ഒറ്റ കണ്‍ട്രോള്‍ റൂം നമ്പറിലേക്ക് മാറുന്നതിന്റെ ഭാഗമായുള്ള ERSS സംവിധാനത്തിന്റെ ഭാഗമായാണ് പൊലീസ് സേവനങ്ങള്‍ 100 ല്‍ നിന്ന് 112 എന്ന നമ്പറിലേക്ക് മാറ്റിയിരിക്കുന്നത്.
◾ കെഎസ്ആര്‍ടിസി എറണാകുളം ബസ് സ്റ്റേഷനില്‍ ശീതീകരിച്ച വിശ്രമ കേന്ദ്രം ഇന്ന് ഉദ്ഘാടനം ചെയ്യും. ഉപഭോക്തൃ സൗഹൃദ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ശീതീകരിച്ച വിശ്രമ കേന്ദ്രങ്ങള്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ സ്ഥാപിച്ചു വരികയാണ്. എറണാകുളം എം.എല്‍.എ ടി.ജെ വിനോദ് ഉദ്ഘാടനം നിര്‍വഹിക്കും.
◾ കോട്ടയം ഗവമെന്റ് നഴ്സിങ് കോളേജിലെ റാഗിങ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. പ്രതികളായ സാമുവല്‍ ജോണ്‍സണ്‍, രാഹുല്‍ രാജ്, എസ്എന്‍ ജീവ, എന്‍ വി വിവേക്, റിജില്‍ ജിത്ത് എന്നിവരുടെ ജാമ്യാപേക്ഷയില്‍ ജില്ലാ സെഷന്‍സ് കോടതി ഇന്നലെ വാദം കേട്ടു. പൊലീസിനോടും കോടതി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.