സംസ്ഥാനത്തെ കുടുംബ കോടതികളില്‍ പ്രതിദിനം ഫയല്‍ ചെയ്യുന്ന വിവാഹ മോചനക്കേസുകള്‍ നൂറോളം. 2022ല്‍ 75ആയിരുന്നു. 2016ല്‍ ഇത് 53. വിവിധ സര്‍വകലാശാലകളിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. അതേസമയം മലബാറില്‍ താരതമ്യേന കുറവാണെന്നാണ് കണ്ടെത്തല്‍.
2016 മുതല്‍ 2022 വരെ കേരളത്തിലെ 28 കുടുംബ കോടതികളില്‍ വിവാഹ മോചനക്കേസുകളില്‍ 40 ശതമാനമാണ് വര്‍ദ്ധന. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍. 3,536 കേസുകള്‍. 3,282 കേസുകളുമായി തിരുവനന്തപുരമാണ് തൊട്ടു പിന്നില്‍. കൊല്ലം: 3,245. ഇടുക്കി: 1,092, കാസര്‍കോട്: 848 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്. ഏറ്റവും കുറവ് വയനാട്ടിലാണ്: 538.
ഹിന്ദു മാര്യേജ് ആക്ട്, ഇന്ത്യന്‍ ഡിവോഴ്‌സ് ആക്ട് (ക്രിസ്ത്യന്‍) പ്രകാരമുള്ളവയാണ് കൂടുതല്‍. വിവാഹ മോചനക്കേസുകള്‍ കൂടുന്നതിനെ തുടര്‍ന്ന് കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാകുന്നതായി സംസ്ഥാന ബാലാവകാശ കമ്മിഷന്‍ പറയുന്നു. കോടതിയെ സമീപിക്കുന്നവരില്‍ പത്തുശതമാനമേ വീണ്ടും യോജിക്കുന്നുള്ളൂവെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു.
വിദ്യാഭ്യാസം, തൊഴില്‍ ഉള്‍പ്പെടെയുള്ള അന്തരങ്ങളോട് സഹിഷ്ണുത പുലര്‍ത്തിയാലേ ദാമ്പത്യം വിജയിക്കുകയുള്ളൂവെന്ന് ഈ വിഷയത്തില്‍ ഗവേഷണം നടത്തിയ മലപ്പുറം ജെംസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് അസി. പ്രൊഫസര്‍ അനസ് തരകന്‍ പറഞ്ഞു.