പൊൻകുന്നം: പൊൻകുന്നം ഗവ.വി.എച്ച്.എസ്.എസിൽ 21-ാം തീയതി മുതൽ സ്കിൽ ഡെവലപ്മെൻ്റ് സെൻ്റർ പ്രവർത്തനമാരംഭിക്കുമെന്ന് ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് പത്രസമ്മേളനത്തിൽ അറിയിച്ചു.15 മുതൽ 23 വയസു വരെയുള്ള യുവജനങ്ങൾക്ക് തൊഴിൽ സാധ്യതയുടെ അറിവും നൈപുണ്യവും നൽകുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
ഫാം മെഷിനറി ടെക്നീഷ്യൻ, ജി.എസ്.ടി.അസിസ്റ്റൻ്റ് എന്നീ രണ്ട് കോഴ്സുകളാണ് പൊൻകുന്നത്ത് ഉള്ളത്. ഒരു വർഷമാണ് കോഴ്സിൻ്റെ കാലാവധി. ക്ലാസുകൾ തികച്ചും സൗജന്യമായ ഈ കോഴ്സുകൾക്ക് പത്താം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത. ശനി, ഞായർ, അവധി ദിവസങ്ങളിലാണ് ക്ലാസുകൾ നടക്കുക. ഒരു വർഷം 400 മണിക്കൂർ ക്ലാസും 40 മണിക്കൂർ മോട്ടിവേഷനുമാണ്.ഒരു ക്ലാസിൽ 25 പേർക്ക് വീതം പ്രവേശനം ലഭിക്കുന്നതാണ്.15-ാം തീയതി വരെ അപേക്ഷ നൽകാവുന്നതാണ്.
പരിചയസമ്പന്നരായ ട്രെയിനർമാരുടെ സേവനം പഠിതാക്കൾക്ക് ലഭിക്കുന്നതാണ്. പഠനത്തിനപ്പുറം പ്രാക്ടിക്കൽ നൽകുമെന്നും പരീക്ഷക്ക് അപ്പുറം പ്രാക്ടിക്കൽ അസെസ്മെൻ്റിനാണ് പ്രാധാന്യമെന്നും ഡോ.എൻ. ജയരാജ് പറഞ്ഞു.കാർഷിക പ്രവർത്തികൾക്ക് ഉപയോഗിക്കുന്ന ഒട്ടേറെ ഉപകരണങ്ങൾ എത്തിച്ചിട്ടുണ്ട്. ഇവയുടെ അറ്റകുറ്റപണികൾ, പരിപാലനം എന്നിവ പഠിപ്പിക്കുകയാണ് ലക്ഷ്യം. സെൻ്ററിൽ ഒരു കോർഡിനേറ്ററുടെ സേവനവും ലഭ്യമാണ്.21-ാം തീയതി രാവിലെ 9.30ന് പ്രവേശനോത്സവം നടക്കും.
കാഞ്ഞിരപ്പളളി നിയോജക മണ്ഡലത്തിൽ പൊൻകുന്നത്തിന് പുറമെ താഴത്തു വടകരയിൽ ഒരു സ്കിൽ ഡെവലപ്മെൻ്റ് സെൻ്റർ കൂടിയുണ്ട്. അവിടെ ആനിമേഷൻ, ഗ്രാഫിക്ക് ഡിസൈനിങ്ങ് എന്നീ കോഴ്സുകളാണുള്ളത്.
പത്രസമ്മേളനത്തിൽ ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ്.കെ.മണി, ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.സി.ആർ.ശ്രീകുമാർ ,പഞ്ചായത്തംഗം ശ്രീലതാ സന്തോഷ്, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എ.എച്ച്.നിയാസ്, പി. റ്റി.എ.പ്രസിഡൻ്റ് ജനീവ്. പി.ജി, സ്കൂകൂൾ പ്രൊട്ടക്ഷൻ ഫോറം പ്രതിനിധി പി.എസ്.സലാഹുദീൻ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ആശ, എസ്.എം.സി. ചെയർമാൻ അൻസുദീൻ എന്നിവർ പങ്കെടുത്തു.