വാഴൂർ ഗവൺമെൻറ് പ്രസിന് സമീപം വാഹന അപകടം.കാനം ഭാഗത്തുനിന്ന് കെ കെ റോഡിലേക്ക് വരുകയായിരുന്ന ഒമിനി വാൻ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്ത് കൂട്ടിയിട്ടിരുന്ന ഇലക്ട്രിക് പോസ്റ്റുകളിലേക്ക് ഇടിക്കുകയും തുടർന്ന് വാഹനം തലകീഴായി മറിയുകയും ആയിരുന്നു. വാഹനത്തിൽ മൂന്നുപേർ ഉണ്ടായിരുന്നു.
പുളിക്കൽ കവലയിൽ അലുമിനിയം ഫാബ്രിക്കേഷൻ നടത്തുന്ന മഹേഷിന്റെ വാഹനമാണ് അപകടത്തിൽ പെട്ടത്. മഹേഷും സുഹൃത്തുക്കളും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
ഇന്ന് രണ്ടു മണിയോടുകൂടിയായിരുന്നു അപകടം നടന്നത്. ഇളപ്പുങ്കൽ ജംഗ്ഷനോട് സമീപം ഗവൺമെൻറ് പ്രസിന് സൈഡിലായി ഇലക്ട്രിക് പോസ്റ്റുകൾ കൂട്ടിയിട്ടിരിക്കുന്നത് അപകട സാധ്യത വർദ്ധിക്കുന്നതായി നാട്ടുകാർ ആരോപിച്ചു.
ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ദൂരം കുറയ്ക്കുന്നതിനായി കാനം റോഡിലൂടെയാണ് പോകാറ്. വാഹനങ്ങൾ കൂടുതൽ വരുന്നതുമൂലം വഴിക്ക് വീതി കുറവായതും, പോസ്റ്റുകൾ കൂട്ടിയിട്ടിരിക്കുന്നതിനാൽ മറ്റു വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ സാധിക്കാത്തതുമായ സാഹചര്യമാണ് ഉള്ളത്.