അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ആക്സിയം-4 ദൗത്യത്തിന് തുടക്കമായി. ഇന്ത്യയുടെ ശുഭാംശു ശുക്ലയടക്കം നാല് ബഹിരാകാശ സഞ്ചാരികള്‍ ഉള്‍പ്പെടുന്ന ഡ്രാഗണ്‍ ബഹിരാകാശ പേടകവുമായി സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍-9 റോക്കറ്റ് ഫ്ളോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39-എയില്‍നിന്ന് പറന്നുയര്‍ന്നു.
നാസയുടെ മുന്‍ ബഹിരാകാശ സഞ്ചാരിയും ആക്സിയം സ്പേസിന്റെ ഹ്യൂമന്‍ സ്പേസ്ഫ്ളൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്സണാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. ഇന്ത്യന്‍ സഞ്ചാരി ശുഭാംശു ശുക്ലയാണ് പൈലറ്റ്. ഇന്ത്യയുടെ ഗഗന്യാന് ദൗത്യത്തിന്റെ കമാന്‍ഡറാണ് അദ്ദേഹം. ഇവര്‍ക്ക് പുറമെ പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാന്‍സ്കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപു എന്നിവരാണ് ആക്സിയം 4 ദൗത്യ സംഘത്തിലുള്ളത്.
ബഹിരാകാശത്തുനിന്ന് ഹിന്ദിയില്‍ നമസ്കാരം പറഞ്ഞ് ശുഭാംശു ശുക്ല. പേടകം ബഹിരാകാശത്തു എത്തിയതിനു പിന്നാലെയാണ് ഇന്ത്യക്കാര്‍ക്കായി ഹിന്ദിയില്‍ ശുഭാംശുവിന്റെ സന്ദേശമെത്തിയത്. എന്റെ രാജ്യത്തെ പ്രിയപ്പെട്ട ജനങ്ങളെ, 41 വര്‍ഷത്തിനുശേഷം നമ്മള് വീണ്ടും ബഹിരാകാശത്തെത്തിയെന്നു തുടങ്ങുന്ന സന്ദേശം നമുക്ക് ഒത്തൊരുമിച്ച് മനുഷ്യനെ ബഹിരാകാശത്ത് അയയ്ക്കാനുള്ള ഇന്ത്യയുടെ പദ്ധതിക്ക് തുടക്കമിടാമെന്ന് പറഞ്ഞാണ് അവസാനിക്കുന്നത്. നന്ദി. ജയ് ഹിന്ദ്! ജയ് ഭാരത്! എന്നുകൂടി ശുഭാംശു കൂട്ടിച്ചേര്‍ത്തു.