കോട്ടയത്തെ അതിദരിദ്രരില്ലാത്ത ആദ്യ ജില്ലയായി പ്രഖ്യാപിച്ചു. അതിദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ കോട്ടയം വഴികാട്ടിയാണെന്ന് പ്രഖ്യാപനം നടത്തിയ തദ്ദേശ-സ്വയംഭരണ എക്‌സൈസ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.
2021 ല്‍ ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ എടുത്ത ആദ്യ തീരുമാനമാണ് 2025 നവംബര്‍ ഒന്നിന് സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമാക്കുകയെന്നത്. അതിനായി എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നത്. കുടുംബശ്രീയെ ഉപയോഗിച്ച് നടത്തിയ സര്‍വേയില്‍ 64,006 കുടുംബങ്ങളെ അതിദാരിദ്യമനുഭവിക്കുന്നവരായി കണ്ടെത്തി. എന്താണ് അവരുടെ പ്രശ്നങ്ങളെന്നും കണ്ടെത്തി. ഓരോ കുടുംബത്തിനും ഓരോ മൈക്രോ പ്ലാന്‍ തയ്യാറാക്കി പ്രവര്‍ത്തിച്ചു. ഇക്കാര്യങ്ങളിലെല്ലാം കോട്ടയം മുന്നിലായിരുന്നു. സര്‍വേയില്‍ കണ്ടെത്തിയവരില്‍ 93 ശതമാനം കുടുംബങ്ങളെയും അതിദാരിദ്ര്യത്തില്‍നിന്ന് മോചിപ്പിച്ചു.
അതിദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ കേരളം കൈവരിച്ച പുരോഗതി ഇതര സംസ്ഥാനങ്ങളിലുള്ളവര്‍ ആശ്ചര്യത്തോടെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു. ലോകത്ത് ഇതിനു മുന്‍പ് ഇങ്ങനെയൊരു ശ്രമം നടന്നത് ചൈനയില്‍ മാത്രമാണ്. വീടില്ലാത്തവര്‍ക്ക് ലൈഫ് പദ്ധതി വഴി വീട് നല്‍കിയും സ്ഥലമില്ലാത്തവര്‍ക്ക് 'മനസോടിത്തിരി മണ്ണ്' പദ്ധതിയിലൂടെയും സ്വകാര്യ വ്യക്തികളടക്കമുള്ളവരുടെ സഹകരണത്തോടെ ഭൂമി ലഭ്യമാക്കിയും നമ്മള്‍ ലക്ഷ്യത്തോടടുക്കുകയാണ്. യഥാസമയം സര്‍ക്കാര്‍ എടുത്ത ശരിയായ തീരുമാനത്തിലൂടെയാണിതിനു കഴിഞ്ഞത്. നവംബര്‍ ഒന്നിന് കേരളം പുതുചരിത്രമെഴുതുമ്പോള്‍ അതിന് ആമുഖമെഴുതിയ ജില്ലയായി കോട്ടയം മാറിയെന്നും മന്ത്രി പറഞ്ഞു.






