2026 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലെത്തുമെന്നും വികസിത കേരളത്തിനായി ബിജെപിയെ ജയിപ്പിക്കേണ്ട സമയമായെന്നും കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത്ഷാ. പുത്തരിക്കണ്ടം മൈതാനിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച നടപടി ചൂണ്ടിക്കാട്ടി കേരളത്തില്‍ മതതീവ്രവാദ രാഷ്ട്രീയത്തിന് തടയിട്ടത് കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാരെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ ബിജെപിയുടെ പുതിയ സംസ്ഥാന കാര്യാലയം ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി അമിത് ഷാ . രണ്ട് ഭൂഗര്‍ഭ നിലകളടക്കം ഏഴ് നിലകളിലായി 60,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പണി കഴിപ്പിച്ചതാണ് ബിജെപിയുടെ സംസ്ഥാനത്തെ പുതിയ ഓഫീസ് കെട്ടിടം. ഇന്ന് മുതല്‍ സംസ്ഥാന ബിജെപിയുടെ പ്രവര്‍ത്തനം മാരാര്‍ജി ഭവന്‍ എന്ന് പേരിട്ടിരിക്കുന്ന കെട്ടിടം കേന്ദ്രമാക്കിയായിരിക്കും. ഉദ്ഘാടനത്തിന് ശേഷം പുതിയ ഓഫീസ് കെട്ടിടത്തില്‍ സംസ്ഥാനത്തെ ബിജെപി ആര്‍എസ്എസ് നേതാക്കളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി.