കേരളത്തില്‍ എലിപ്പനി കേസുകളുടെയും മരണങ്ങളുടെയും എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം ജൂലൈ 22 വരെ സംസ്ഥാനത്ത് 1,494 സ്ഥിരീകരിച്ച എലിപ്പനി കേസുകളും 88 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജൂലൈയില്‍ മാത്രം 287 കേസുകളും 22 മരണങ്ങളും ഉണ്ടായി. ജൂണ്‍, ജൂലൈ മാസങ്ങളിലാണ് മരണങ്ങളില്‍ 50ശതമാനത്തിലധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിരവധി മൃഗങ്ങളുടെ മൂത്രത്തില്‍ കാണപ്പെടുന്ന ലെപ്‌റ്റോസ്‌പൈറ എന്ന ബാക്ടീരിയയാണ് ഈ രോഗം പടര്‍ത്തുന്നത്.
മഴക്കാലത്ത് മണ്ണിനടിയിലെ വസിക്കുന്ന ബാക്ടീരിയകള്‍ സജീവമാവുകയും കാലിലെ ചെറിയ മുറിവുകളിലൂടെ മനുഷ്യശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നതിലൂടെയാണ് ലെപ്‌റ്റോസ്‌പൈറോസിസ് പടരുന്നത്. എലികള്‍, നായ്ക്കള്‍, കന്നുകാലികള്‍ തുടങ്ങിയ മൃഗങ്ങളിലും ഈ ബാക്ടീരിയകള്‍ കാണപ്പെടുന്നു. സ്വാഭാവികമായും അവയുടെ മൂത്രത്തിലൂടെയാണ് അവ പുറത്തുവരുന്നത്. അതിനാല്‍, വയലുകളിലും കൃഷിയിടങ്ങളിലും ജോലി ചെയ്യുന്നവര്‍ക്കും ശുചീകരണ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്കും എളുപ്പത്തില്‍ രോഗം പിടിപെടാം