ഉത്തരേന്ത്യയിലെ കനത്ത പേമാരി തുടരുന്നു. ഹിമാചല്‍ പ്രദേശിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ളത്. ഇവിടെ 78 പേര്‍ മരണപ്പെടുകയും 37 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ 4 ജില്ലകളില്‍ മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവിടെ വിവിധ ജില്ലകളില്‍ മേഘവിസ്‌ഫോടനം ഉണ്ടായിട്ടുണ്ടായിരുന്നു. സംസ്ഥാനത്ത് റെഡ് അലര്‍ട്ട് ഇന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും കരുതല്‍ നടപടികള്‍ സ്വീകരിക്കാനും ദുരന്തനിവാരണ അതോറിറ്റി ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. അതേസമയം ഡല്‍ഹിയില്‍ വിവിധ നഗരങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ഗതാഗതം മണിക്കൂറുകള്‍ വരെ സ്തംഭിച്ചു. അതേസമയം കേരളത്തില്‍ ഇന്ന് രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.