മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം തുടങ്ങിയ ആരോപണങ്ങള്‍ക്ക് ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് കടുത്ത ഉപാധികളില്ലാതെയാണ് ബിലാസ്പുര്‍ എന്‍ ഐ എ കോടതി ജാമ്യം നല്‍കിയത്. അമ്പതിനായിരം രൂപയുടെ 2 ആള്‍ ജാമ്യം, പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, രാജ്യം വിട്ട് പോകരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം നല്‍കാനുള്ള വിധി പുറപ്പെടുവിച്ചത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് സിറാജുദ്ദീന്‍ ഖുറേഷിയാണ് വിധി പറഞ്ഞത്.
ജാമ്യ ഉത്തരവ് പറയുന്ന ബിലാസ്പുരിലെ എന്‍ഐഎ കോടതിക്ക് മുന്നില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരും ബിജെപി പ്രതിനിധികളടക്കമുള്ളവരും എത്തിയിരുന്നു. അനൂപ് ആന്റണി, ഷോണ്‍ ജോര്‍ജ് അടക്കമുള്ളവരും കോടതിക്ക് മുന്നിലെത്തിയിരുന്നു. ജാമ്യം അനുവദിച്ചുള്ള വിധി വന്നതോടെ കെട്ടിപിടിച്ചുകൊണ്ടാണ് സന്തോഷവും ആശ്വാസവും പങ്കുവെച്ചത്.