കേരളത്തില്‍ എസ്ഐആര്‍ നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള എന്യൂമറേഷന്‍ ഫോം വിതരണം ചെയ്യുന്നതിന് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് ബുദ്ധിമുട്ടില്ലെന്ന് ഉറപ്പാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. ബിഎല്‍ഓമാരുടെ പരിശ്രമത്തെ അഭിനന്ദിക്കുന്നതായും 96 ശതമാനത്തോളം ഫോമുകള്‍ വിതരണം ചെയ്തതായും രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു. ഫോം ശേഖരിക്കുന്നതിന് ബിഎല്‍ ഒമാര്‍ക്ക് സൗകര്യം ഒരുക്കും. ക്യാമ്പുകള്‍ അടക്കം ജില്ലാ ഭരണകൂടങ്ങള്‍ സജ്ജമാക്കും. എന്യൂമറേഷന്‍ ഫോമുകള്‍ ശേഖരിക്കുന്നതിനായി കൂടുതല്‍ ഏജന്റുമാരെ നിര്‍ദേശിക്കണമെന്നും ഹെല്‍പ് ഡെസ്‌കുകള്‍ സ്ഥാപിക്കണമെന്നും പാര്‍ട്ടികളോട് അദ്ദേഹം ആവശ്യപ്പെട്ടു.
ഡിസംബര്‍ നാലിനകം എന്യൂമറേഷന്‍ ഫോം സ്വീകരിക്കല്‍ പൂര്‍ത്തിയാക്കണമെന്നും ചില ബി എല്‍ ഒ മാര്‍ ജോലി പൂര്‍ത്തിയാക്കിയെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഫോം അപ് ലോഡ് ചെയ്യുന്നതിലെ സാങ്കേതിക പ്രശ്നം പരിഹരിക്കാന്‍ വൈ ഫൈ സൗകര്യമുള്ള ഇടങ്ങള്‍ സജ്ജമാക്കണമെന്ന് കളക്ടര്‍മാര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കി. അതേസമയം കേരളത്തില്‍ എസ് ഐ ആര്‍ നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും സുപ്രീം കോടതിയെ സമീപിച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് ഹര്‍ജി നല്‍കിയത്.