ശബരിമലയില്‍ തീര്‍ത്ഥാടകരുടെ വന്‍ തിരക്ക്. തീര്‍ഥാടകര്‍ ബാരിക്കേഡിനു പുറത്തിറങ്ങി സന്നിധാനത്തേക്ക് ഒഴുകിയത് ഭയാനകമായ അന്തരീക്ഷം സൃഷ്ടിച്ചു. പൊലീസ് കാഴ്ചക്കാരായി മാറി. സന്നിധാനത്ത് തിക്കിലും തിരക്കിലും അപകടം ഉണ്ടാകാവുന്ന അവസ്ഥയാണുള്ളത്. തിരക്ക് നിയന്ത്രിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ എഡിജിപി എസ്. ശ്രീജിത്തിനു കത്ത് നല്‍കി.
അതേസമയം ശബരിമലയില്‍ ദര്‍ശനത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് 12 മണിക്കൂറിലധികം നീളുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. മണിക്കൂറുകള്‍ വരി നിന്നാണ് തീര്‍ഥാടകര്‍ അയ്യനെ തൊഴുതു മടങ്ങുന്നത്. സന്നിധാനത്ത് തിരക്കു കൂടുന്നത് നിയന്ത്രിക്കാന്‍ പമ്പ മുതല്‍ ഉണ്ടാകേണ്ട ക്രമീകരണം നിലയ്ക്കല്‍ മുതല്‍ ആരംഭിക്കാനാണ് നീക്കം. തിക്കിലും തിരക്കിലും കുടിക്കാന്‍ വെള്ളവും ഭക്ഷണവുമില്ലാതെ തീര്‍ഥാടകര്‍ വലയുകയാണ്. തീര്‍ഥാടന ഒരുക്കങ്ങളില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും പൊലീസും അനാസ്ഥ കാട്ടിയെന്നാണ് ആക്ഷേപം. ദര്‍ശനം നടത്താന്‍ കഴിയാതെ ആയിരങ്ങളാണ് മലയിറങ്ങുന്നത്.


