ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ. ഗണേഷ് കുമാറിനെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടെന്നും ഇതിന്റെയെല്ലാം ഫോട്ടോകള്‍ എടുത്തതോടെ ഗണേഷ്‌കുമാറിന്റെ സന്തത സഹചാരികള്‍ തന്നെ തടഞ്ഞുവെച്ച് മൊബൈല്‍ ഫോണ്‍ കൈക്കലാക്കാന്‍ ശ്രമിച്ചെന്നുമാണ് ഭാര്യയുടെ ആരോപണം.
ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. വാളകത്തെ കുടുംബവീട്ടില്‍ മുന്നറിയിപ്പില്ലാതെ എത്തിയ ഭാര്യ ഗണേഷ് കുമാറിനെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കാണുകയായിരുന്നു. മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ ഭര്‍ത്താവിന്റെ സഹോദരിയായ ഭാര്യ ഉടനെ അവരുമായി ബന്ധപ്പെടുകയും നടന്ന കാര്യങ്ങള്‍ അറിയിക്കുകയും ചെയ്തു. സര്‍ക്കാരിന്റെ ടോള്‍ ഫ്രീ നമ്പറായ 112ല്‍ സഹായം തേടാനാണ് ശ്രീലേഖ ഉപദേശിച്ചത്. ഇതുപ്രകാരം വിവരം പോലീസിനെ അറിയിക്കുകയും സംഭവസ്ഥലത്ത് പോലീസ് എത്തിയെങ്കിലും പോലീസ് സംഭവത്തില്‍ ഇടപെടാതെ മടങ്ങുകയുമായിരുന്നു.
ഭാര്യയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കൈക്കലാക്കാന്‍ സഹായികളോട് മന്ത്രി നിര്‍ദേശം നല്‍കിയെന്നും ഇതനുസരിച്ച് വാതില്‍ കുറ്റിയിട്ട് സഹായികള്‍ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചെന്നും ആരോപണത്തില്‍ പറയുന്നു.




