തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഈ രണ്ട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്ര തീരം മുതൽ കർണാടക തീരം വരെ നീളുന്ന ന്യൂനമർദ്ദ പാത്തിയുടെയും ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദ സാധ്യതയുടെയും സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. ഇതിന്റെ ഭാഗമായി ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്.
ഓറഞ്ച് അലർട്ട്: കണ്ണൂർ, കാസർകോട് - ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ അതിശക്തമായ മഴ ലഭിക്കും.
യെല്ലോ അലർട്ട്: ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം - ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ ശക്തമായ മഴ ലഭിക്കും.
ജൂലൈ 5 വരെ സംസ്ഥാനത്ത് വ്യാപകമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. മലയോര മേഖലകളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.


