തിരുവനന്തപുരം: പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്.
പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ ജൂലൈ 29 നും യെല്ലോ അലർട്ട് തുടരും. അതിതീവ്ര ന്യൂനമർദ്ദം വടക്കൻ ഒഡീഷയുടെ ഉൾപ്രദേശങ്ങളിലും സമീപ ഗംഗാതീര പശ്ചിമ ബംഗാളിനു മുകളിലും സ്ഥിതി ചെയ്യുന്നതാണ് മഴയ്ക്ക് കാരണം. അടുത്ത 24 മണിക്കൂറിനിടെ ഈ ന്യൂനമർദ്ദം വടക്കൻ ഒഡീഷ, തെക്കൻ ജാർഖണ്ഡ്, വടക്കൻ ഛത്തീസ്ഗഢ് പ്രദേശങ്ങളിലൂടെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കാൻ സാധ്യതയുണ്ട്.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് പ്രകാരം കേരളത്തിൽ ഓഗസ്റ്റ് ഒന്ന് വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.
മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് മുന്നേ മുന്നറിയിപ്പുകൾ പരിശോധിക്കണം. അടിയന്തര സാഹചര്യത്തിൽ 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം.


