വാഴൂർ: ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഈ മാസം 25, 26 തീയതികളിൽ പരിസ്ഥിതി മഹോത്സവം സംഘടിപ്പിക്കും. പരിപാടിയുടെ വിജയത്തിനായി 101 അംഗ സ്വാഗതസംഘത്തിന് രൂപം നൽകി.
വാഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. എസ്. പുഷ്കലാദേവി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വിവിധ സബ് കമ്മിറ്റികൾക്കും രൂപം നൽകി. സംഘം ചെയർമാനായി കെ. ബിനുവിനെയും സ്വാഗതസംഘം പ്രസിഡന്റായി പ്രൊഫ. എസ്. പുഷ്കലാദേവിയെയും ജനറൽ കൺവീനറായി മനോജ് ചാക്കോയെയും യോഗം തെരഞ്ഞെടുത്തു.
പഞ്ചായത്തിലെ സ്കൂൾ, കോളേജ് തലങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്കും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പരിസ്ഥിതി പ്രവർത്തകർക്കുമായി 200 അംഗങ്ങൾ പങ്കെടുക്കുന്ന രണ്ട് ദിവസത്തെ ക്യാമ്പും മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, പരിസ്ഥിതി പ്രവർത്തകർ, ഗ്രന്ഥശാല പ്രവർത്തകർ, സ്കൂൾ-കോളേജ് അധ്യാപകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പഞ്ചായത്ത് സെക്രട്ടറി എം. സൗമ്യ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ യോഗത്തിൽ വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം വി.പി. റെജി സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനവും നിർവഹിച്ചു.



