ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ നിന്നുള്ള കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ, കർഷകർ, പൊതുജനങ്ങൾ തുടങ്ങി 200-ഓളം പേർ പങ്കെടുത്തു.
കോട്ടയം കൃഷി വിജ്ഞാനകേന്ദ്രം പ്രോഗ്രാം കോ-ഡിനേറ്റർ ഡോ. എലിസബത്ത് ജോസഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. എസ് പുഷ്കല ദേവി അധ്യക്ഷയായി. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം എം എൽ എ റോണി കെ ബേബി ഉദ്ഘാടനം നിർവഹിച്ചു.
കാർഷിക വിളകൾക്ക് നാശം വരുത്തുന്നതിനോടൊപ്പം ആരോഗ്യപ്രശ്നങ്ങൾക്കും സാധ്യതയുള്ളതിനാൽ ആഫ്രിക്കൻ ഒച്ചിനെ സമയോചിത ഇടപെടലിലൂടെ ഫലപ്രദമായി നിയന്ത്രിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജയ ശ്രീധർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി പി റെജി എന്നിവർ കിറ്റ് വിതരണവും ലഘുലേഖ വിതരണവും നടത്തി.
ആത്മ പ്രോജക്ട് ഡയറക്ടർ നിഷ മേരി സിറിയക് തുടർ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ സിമി ഇബ്രാഹിം വാഴൂർ ബ്ലോക്കിലെ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. കൃഷി വിജ്ഞാന കേന്ദ്രം അസിസ്റ്റന്റ് പ്രൊഫ. ഡോ. സ്മിത രവി, മങ്കൊമ്പ് എം എസ് സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രം അസിസ്റ്റന്റ് പ്രൊഫ. ഡോ. ജ്യോതി സാറ ജേക്കബ്, കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം അസിസ്റ്റന്റ് പ്രൊഫ. പല്ലവി നായർ കെ എന്നിവർ ക്ലാസുകൾ നയിച്ചു. വാഴൂർ കൃഷി ഓഫീസർ എലിസബത്ത് ജോസ് നന്ദി പറഞ്ഞു.





