ജക്കാർത്ത: ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിൽ ശനിയാഴ്ച പുലർച്ചെ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 14 പേർ മരിച്ചു. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ വൻ നാശനഷ്ടമുണ്ടായി. ദേശീയ ദുരന്ത നിവാരണ ഏജൻസിയാണ് മരണസംഖ്യ സ്ഥിരീകരിച്ചത്. ഭൂചലനത്തെ തുടർന്ന് കെട്ടിടങ്ങൾ തകർന്നുവീണു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി രക്ഷാപ്രവർത്തകർ തെരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്.
ആദ്യത്തെ പ്രധാന ചലനത്തിന് ശേഷം ഏഴ് തുടർചലനങ്ങൾ കൂടി രേഖപ്പെടുത്തി. ഭൂകമ്പത്തെ തുടർന്ന് തീരദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് അധികൃതർ അത് പിൻവലിച്ചു. നിലവിൽ സുനാമി ഭീഷണിയില്ലെന്ന് അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനം ഊർജിതമാക്കിയതായും പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയതായും റിപ്പോർട്ടുണ്ട്.




