പ്രിയ വിദ്യാര്‍ഥികളേ,
ഓരോ ദിവസവും അവധി പ്രഖ്യാപിക്കുമ്പോഴുള്ള നിങ്ങളുടെ സന്തോഷം എത്രമാത്രമുണ്ടെന്ന് എനിക്കറിയാം. പക്ഷേ, ഒന്നോര്‍ക്കുക, ഇത് കാലാവസ്ഥ സമ്മാനിച്ച ഒരു അവധിക്കാലമല്ല. നിങ്ങളുടെ സുരക്ഷയ്ക്കായുള്ള മുന്‍കരുതലാണ്.
അതുകൊണ്ട് ഈ അവധി ദിവസങ്ങളില്‍ ജില്ലാ കളക്ടര്‍ നിങ്ങള്‍ക്ക് ചെറിയൊരു ചലഞ്ച് തരികയാണ്. 📚 കുറച്ച് പഠിക്കുക. 📖 നല്ലൊരു പുസ്തകം വായിക്കുക. 👨👩👧 കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക. ☕ മാതാപിതാക്കള്‍ക്ക് മറ്റൊരു 'ഹോം വര്‍ക്കായി' സ്വയം മാറാതെ അവരെ സഹായിക്കുക.
ഏറ്റവും പ്രധാനപ്പെട്ടൊരു കാര്യം, അത്യാവശ്യ കാര്യങ്ങളില്ലെങ്കില്‍ വീട്ടില്‍തന്നെ കഴിച്ചുകൂട്ടുക. നദികളുടെയും പുഴകളുടെയും വെള്ളച്ചാട്ടങ്ങളുടെയും അടുത്തേക്കും വെള്ളക്കെട്ടുള്ള റോഡുകളിലും മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളിലും പോകാതിരിക്കുക. പ്രകൃതി സുന്ദരമാണ്. പക്ഷേ, കനത്ത മഴ പെയ്യുമ്പോള്‍ പ്രകൃതിയെ ബഹുമാനിച്ചുകൊണ്ടുതന്നെ സുരക്ഷിതമായ അകലം പാലിക്കുക.
ആറും തോടും നിറഞ്ഞുകവിഞ്ഞൊഴുകുന്നത് കാണാന്‍ പോകാം എന്ന് കൂട്ടുകാര്‍ വിളിച്ചാല്‍ ഇല്ല എന്ന് ഉറപ്പിച്ചു പറയാന്‍ നിങ്ങള്‍ക്കു കഴിയണം. മാതാപിതാക്കള്‍, വീട്ടിലെ പ്രായമായവര്‍, മറ്റു ബന്ധുക്കള്‍, അയല്‍വാസികള്‍ എന്നിവരുടെയും വളര്‍ത്തു മൃഗങ്ങളുടെയും കാര്യത്തില്‍ കുട്ടികള്‍ കരുതലുള്ളവരായിരിക്കണം. ഉത്തരവാദിത്വമുള്ള വിദ്യാര്‍ഥി കുടുംബത്തിന്‍റെ അഭിമാനവും ശക്തിയുമാണ്.
വീണ്ടും സ്കൂള്‍ തുറക്കുമ്പോള്‍ നിറഞ്ഞ പുഞ്ചിരിയോടെ ക്ലാസിലെത്താന്‍, മഴദിവസങ്ങള്‍ എങ്ങനെ ചെലവഴിച്ചു എന്ന് കൂട്ടുകാരോട് പറയാന്‍ നിങ്ങള്‍ക്കു കഴിയണം. അതുവരെ കുറച്ച് പഠിക്കുക. ഒത്തിരി സന്തോഷിക്കുക. പുറത്ത് വെള്ളം പൊങ്ങിയ സ്ഥലങ്ങളേക്കുറിച്ചുള്ള ആകാംക്ഷയല്ല, പുതിയ അറിവുകള്‍ നിങ്ങളുടെ മനസില്‍ നിറഞ്ഞു കവിയട്ടെ.
സുരക്ഷിതരായിരിക്കുക, ജാഗ്രത പുലര്‍ത്തുക
സ്നേഹത്തോടെ
ചേതന്‍കുമാര്‍ മീണ
ജില്ലാ കളക്ടര്‍


