സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി അനുവദിച്ച 73,024 പുതിയ മുൻഗണനാ പിങ്ക് റേഷൻ കാർഡുകളുടെയും 2,000 അന്ത്യോദയ അന്നയോജന എ.എ.വൈ മഞ്ഞ റേഷൻ കാർഡുകളുടെയും സംസ്ഥാനതല വിതരണോദ്ഘാടനം നാളെ ഓഗസ്റ്റ് 3-ന് നടക്കും. മുഖ്യമന്ത്രി വി ഡി സതീശൻ വിതരണോദ്ഘാടനം നിർവഹിക്കും.
തിരുവനന്തപുരം കനകക്കുന്ന് പാലസ് മെയിൻ ഹാളിൽ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അധ്യക്ഷത വഹിക്കും. മന്ത്രി കെ മുരളീധരൻ മുഖ്യപ്രഭാഷണം നടത്തും. മന്ത്രി സി പി ജോൺ മുഖ്യാതിഥിയായിരിക്കും.
പുതുതായി അനുവദിച്ച 73,024 റേഷൻ കാർഡുകൾ മുൻഗണനാ പിങ്ക് വിഭാഗത്തിലേക്കുള്ളതാണ്. ഇതിനൊപ്പം സമൂഹത്തിലെ ഏറ്റവും അങ്ങേയറ്റം ദരിദ്രരായ കുടുംബങ്ങൾക്കായി 2,000 പുതിയ എ.എ.വൈ മഞ്ഞ റേഷൻ കാർഡുകളും അനുവദിച്ചിട്ടുണ്ട്. ഇതിനായി തിരഞ്ഞെടുത്ത 6,900 കുടുംബങ്ങളിൽ നിന്നാണ് ആദ്യഘട്ടത്തിൽ 2,000 പേർക്ക് കാർഡുകൾ നൽകുന്നത്. മുൻഗണനാ, എ.എ.വൈ വിഭാഗങ്ങളിൽ നിന്നായി തെരഞ്ഞെടുത്ത 20 ഗുണഭോക്താക്കൾക്ക് മുഖ്യമന്ത്രി ചടങ്ങിൽ റേഷൻ കാർഡുകൾ വിതരണം ചെയ്യും.
മാറിവരുന്ന സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ പരിഗണിച്ച് അനർഹരെ ഒഴിവാക്കി ഏറ്റവും അർഹരായ കുടുംബങ്ങളെ ഉൾപ്പെടുത്തി മുൻഗണനാ റേഷൻ ആനുകൂല്യങ്ങൾ അർഹരായവർക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ റേഷൻ കാർഡുകൾ അനുവദിച്ചതെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.


