കോട്ടയം / കടുത്തുരുത്തി: കെഎസ്ആർടിസി കണ്ടക്ടറിൽ നിന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീത സംവിധായകനിലേക്കുള്ള യാത്ര. കോട്ടയം ജില്ലയിലെ കടുത്തുരുത്തി പഞ്ചായത്തിലെ എഴുമാന്തുരുത്ത് സ്വദേശി ജയൻ ബി എന്ന കലാകാരന്റെ കഥയാണിത്. പുല്ലാങ്കുഴൽ വാദകൻ, സാക്സോഫോൺ വാദകൻ, ഗായകൻ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനാണ്.
2008 ൽ കെഎസ്ആർടിസിയിൽ കണ്ടക്ടറായി ജോലിയിൽ പ്രവേശിച്ചതാണ് ജയൻ ബി. എന്നാൽ സ്കൂൾ കാലം മുതലേ സംഗീതം അദ്ദേഹത്തിന്റെ ജീവിതമായിരുന്നു. ആകാശവാണിയിൽ ലളിതഗാനം ആലപിച്ചാണ് തുടക്കം. പിന്നീട് കേരളോത്സവങ്ങളിൽ ലളിതഗാനം, പുല്ലാങ്കുഴൽ, സാക്സോഫോൺ എന്നിവയ്ക്ക് ഒന്നാം സമ്മാനം നേടി നാട്ടിൽ ശ്രദ്ധേയനായി. ആ വിജയങ്ങൾ കലാരംഗത്ത് ഉറച്ചു നിൽക്കാൻ അദ്ദേഹത്തിന് കരുത്തേകി. റെക്കോർഡിങ്ങ്, ലൈവ് കൺസേർട്ട് എന്നിവയിലൂടെ കേരളത്തിലങ്ങോളമിങ്ങോളം വേദികൾ അദ്ദേഹത്തെ തേടിയെത്തി. Flute, Vocal, Rythm, Singing, Recording എന്നിവയിലെല്ലാമുള്ള പാടവമാണ് പിന്നീട് അദ്ദേഹത്തെ സംഗീതസംവിധാന രംഗത്തേക്ക് എത്തിച്ചത്.
സിനിമ, ഉത്സവഗാനങ്ങൾ, ലളിതഗാനങ്ങൾ, ഷോർട്ട്ഫിലിം, ഭക്തിഗാനങ്ങൾ തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളിലായി ഇതിനോടകം ആയിരത്തിലധികം ഗാനങ്ങൾക്ക് അദ്ദേഹം ഈണം നൽകിയിട്ടുണ്ട്. 
ജയൻ ബി എഴുമാന്തുരുത്ത്
കേരളത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളെയും, മലയാളഗാനചരിത്രത്തിലെതന്നെ ആദ്യത്തെ ഗാനസമാഹാരമായ പാട്ടിലാക്കിയ `ഗ്രാമഗാനം` ആൽബത്തിന്റെ സംഗീത സംവിധായകനാണ്. മലയാളം മിഷൻ അംഗീകാരവും എംഎൽഎ എക്സലൻസ് പുരസ്കാരവും ലഭിച്ചു. എം ജി ശ്രീകുമാർ, വിജയ് യേശുദാസ്, മ്യൂസിക് ഡയറക്ടർ ശരത്, നഞ്ചിയമ്മ, സുദീപ് കുമാർ, ജ്യോത്സന, മധു ബാലകൃഷ്ണൻ, സിതാര കൃഷ്ണകുമാർ, ബിജു നാരായണൻ, വൈക്കം വിജയലക്ഷ്മി, ജാസി ഗിഫ്റ്റ്, അഭിജിത്ത് കൊല്ലം, ലതിക ടീച്ചർ,ലിബിൻ സ്കറിയ, മാളവിക അനിൽകുമാർ, അനിത ഷെയ്ക്ക് തുടങ്ങി പ്രഗത്ഭരായ അനേകം ഗായകർ വരെ അദ്ദേഹത്തിന്റെ പാട്ടുകൾക്ക് ശബ്ദം നൽകി. spotify, gaana തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ അദ്ദേഹത്തിന്റെ ഗാനങ്ങൾ നിറഞ്ഞുനിൽക്കുന്നു.


