നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പൂർണമായും തകർന്നതും ഭാഗികമായി തകർന്നതുമായ വീടുകൾ ഉൾപ്പെടെ എല്ലാ നഷ്ടങ്ങളും കൃത്യമായി രേഖപ്പെടുത്തും. നദികളിൽ അടിഞ്ഞുകൂടിയ മണ്ണും മണലും നീക്കം ചെയ്ത് ഒഴുക്ക് വർധിപ്പിക്കുന്ന നടപടികൾ മഴയ്ക്ക് ശേഷം ആരംഭിക്കും. 2018ലെ പ്രളയത്തിന് ശേഷം സ്വീകരിച്ച നടപടികളുടെ ഫലപ്രാപ്തി വിശദമായി വിലയിരുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച മന്ത്രി ക്യാമ്പുകളുടെ പ്രവർത്തനം തൃപ്തികരമാണെന്ന് വിലയിരുത്തി. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ക്യാമ്പുകളിൽ ഒരുക്കിയിട്ടുണ്ട്. ജില്ലാ ഭരണകൂടം, ജനപ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, ഉദ്യോഗസ്ഥർ എന്നിവർ ഏകോപനത്തോടെ പ്രവർത്തിക്കുന്നുണ്ട്. ക്യാമ്പുകളിലെ ഭക്ഷണം, കുടിവെള്ളം, ചികിത്സ, സുരക്ഷ എന്നിവയിൽ പ്രത്യേക ശ്രദ്ധ നൽകാൻ നിർദേശം നൽകിയിട്ടുണ്ട്.


