തിരുവനന്തപുരം: കേരളത്തിലെ കള്ള് ഷാപ്പുകളിൽ ഭക്ഷണം വിളമ്പുന്നതിന് ഭക്ഷ്യസുരക്ഷാ ലൈസൻസ് നിർബന്ധമാക്കി എക്സൈസ് വകുപ്പ് കർശന നടപടികളിലേക്ക്. ലൈസൻസില്ലാതെ പാചകം ചെയ്ത ഭക്ഷണം നൽകുന്ന ഷാപ്പുകൾക്കും ഉടമകൾക്കുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് എക്സൈസ് കമ്മീഷണർ മുന്നറിയിപ്പ് നൽകി. നിയമലംഘനം കണ്ടിട്ടും നടപടിയെടുക്കാത്ത എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല ശിക്ഷാനടപടികളും ഉണ്ടാകുമെന്ന് പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു. സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന 'ഓപ്പറേഷൻ ശുദ്ധി'യുടെ ഭാഗമായാണ് ഈ തീരുമാനം.
കള്ള് ഷാപ്പുകളിൽ നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തിലും ശുചിത്വത്തിലും പൊതുജനങ്ങളിൽ നിന്ന് വ്യാപകമായ പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് എക്സൈസ് വകുപ്പിന്റെ നിർണായക നീക്കം. നേരത്തെയും ഭക്ഷ്യസുരക്ഷാ ലൈസൻസ് നിർബന്ധമാക്കി ഉത്തരവുകൾ ഇറക്കിയിരുന്നെങ്കിലും ഷാപ്പ് ഉടമകളും ചുമതലപ്പെട്ടവരും അത് പാലിച്ചിരുന്നില്ല. ഇനി അത്തരം വീഴ്ചകൾക്ക് ഇടമില്ലെന്നും വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകുമെന്നും വകുപ്പ് അറിയിച്ചു. ഉത്തരവ് കർശനമായി നടപ്പിലാക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ എല്ലാ ജില്ലകളിലും പരിശോധനകൾ ശക്തമാക്കാനും എക്സൈസ് തീരുമാനിച്ചിട്ടുണ്ട്.


