കോട്ടയം: കനത്ത മഴയിൽ മീനച്ചിലാർ കരകവിഞ്ഞൊഴുകിയതോടെ കോട്ടയം ജില്ലയിലെ തിരുവാർപ്പ് പഞ്ചായത്തിൽ പ്രളയസമാനമായ സാഹചര്യമാണ്. പഞ്ചായത്തിലെ 98 ശതമാനം വീടുകളിലും വെള്ളം കയറി ജനജീവിതം പൂർണ്ണമായും സ്തംഭിച്ചു. ഒരു പഞ്ചായത്തിലെ ഇത്രയധികം വീടുകൾ ഒരുമിച്ച് വെള്ളത്തിലാകുന്നത് സംസ്ഥാനത്ത് തന്നെ അപൂർവ്വ സംഭവമാണ്.
19 വാർഡുകളിലായി ആകെ സ്ഥിതി ചെയ്യുന്ന 8,064 വീടുകളിൽ 7,924 വീടുകളും നിലവിൽ വെള്ളപ്പൊക്ക ഭീഷണിയിലാണ്. പഞ്ചായത്തിലെ താരതമ്യേന ഉയർന്ന പ്രദേശങ്ങളായ ചെങ്ങളം, കിളിരൂർ മേഖലകളിലെ 140 വീടുകളിൽ മാത്രമാണ് ഇതുവരെ വെള്ളം കയറാതെയുള്ളത്.
33.59 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള തിരുവാർപ്പ് പഞ്ചായത്തിന്റെ ഭൂരിഭാഗവും താഴ്ന്ന സമതലങ്ങളും പാടശേഖരങ്ങളുമാണ്. ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ ജെ ബ്ലോക്ക് ഉൾപ്പെടെ പഞ്ചായത്ത് പ്രദേശത്തിന്റെ 21 ശതമാനവും പാടശേഖരങ്ങളാണ്. ഒൻപതിനായിരം ഏക്കർ വരുന്ന പാടശേഖരങ്ങളും പൂർണ്ണമായും വെള്ളത്തിലാണ്.


