കങ്ങഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജി തകടിയേൽ സർഗ്ഗോത്സവ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ റവ. സിസ്റ്റർ ആൻസി മാത്യു, പി.ടി.എ പ്രസിഡന്റ് ജോജി മാത്യു എന്നിവർ ആശംസ പ്രസംഗം നടത്തി. ഡി. സി. എൽ. പ്രവേശന ഉത്സവഗാന വീഡിയോ ചലഞ്ചിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയ സ്കൂളിനുള്ള അനുമോദനവും ട്രോഫി വിതരണവും ചടങ്ങിൽ നടന്നു. സ്കൂൾ അസിസ്റ്റന്റ് ഹെഡ് ഗേൾ ഫിയോണ തങ്കം തോമസ് സ്വാഗതവും ഹെഡ് ബോയ് അമാൻ ഷിഫാ മാലിക്ക് നന്ദിയും പറഞ്ഞു. ഡി. സി. എൽ. പ്രതിനിധികളും പങ്കെടുത്തു.
സ്കൂളിന്റെ വീഡിയോ, ഫോട്ടോ പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച നോൺ ടീച്ചിംഗ് സ്റ്റാഫ് അമൽകുമാറിനെ ചടങ്ങിൽ ആദരിച്ചു. ശിവാനി സുരേഷും സംഘവും അവതരിപ്പിച്ച നൃത്തം, ഇവാന മരിയ രാജേഷും സംഘവും ആലപിച്ച സംഘഗാനം, എയ്ഞ്ചൽ മേരി ബിനോയിയും സംഘവും അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസ്, മാസ്റ്റർ ജെയിം എം. ജേക്കബിന്റെ മ്യൂസിക്കൽ ഫിയസ്റ്റ എന്നിവ ഉദ്ഘാടന സമ്മേളനത്തിന് മാറ്റുകൂട്ടി.
ഉദ്ഘാടനത്തിന് ശേഷം വിവിധ സ്റ്റേജുകളിലായി കുട്ടികളുടെ സർഗ്ഗാത്മകത വിളിച്ചോതുന്ന നിരവധി മത്സരങ്ങൾ നടന്നു. രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുടെ സജീവ പങ്കാളിത്തം കൊണ്ട് സർഗ്ഗോത്സവത്തിന്റെ രണ്ട് ദിനങ്ങളും ശ്രദ്ധേയമായി. ഓരോ ഇനങ്ങളിലും കുട്ടികൾ പ്രകടിപ്പിച്ച കലാവൈഭവം പരിപാടിക്ക് മാറ്റുകൂട്ടി.



