തുടർച്ചയായ ഉരുൾപൊട്ടലും മഴവെള്ളപ്പാച്ചിലും മലയോര മേഖലയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തിലെ മലയോരമേഖലയിലാണ് ജനജീവിതം ദുഃസഹമായിരിക്കുന്നത്.
കഴിഞ്ഞ ഒക്ടോബർ 16നുണ്ടായ പ്രകൃതിദുരന്തത്തിൽ മേഖലയിൽ വ്യാപക നാശനഷ്ടമാണുണ്ടായത്. ഇതിൽനിന്നു കരകയറും മുന്പാണ് അഞ്ചിനു വീണ്ടും കൂട്ടിക്കൽ പഞ്ചായത്തിന്റെ മൂപ്പൻമല, മ്ലാക്കര പ്രദേശങ്ങളിൽ ഉരുൾപൊട്ടലുണ്ടായത്. ഇതോടെ പ്രദേശത്തെ പലഭാഗങ്ങളും ഒറ്റപ്പെട്ടു. മ്ലാക്കരയിലെ താമസക്കാരായ 36 കുടുംബങ്ങളെ കൊടുങ്ങ സ്കൂളിലെ ക്യാന്പിലേക്കു മാറ്റി.
മേഖലയിൽ താത്കാലികമായി നിർമിച്ചിരുന്ന പാലങ്ങളും റോഡുകളുമെല്ലാം പൂർണമായും തകർന്നു. മ്ലാക്കരവഴി കൊടുങ്ങയിൽ എത്തുന്ന റോഡ് പൂർണമായും തകർന്നു. ഇവിടെയുണ്ടായിരുന്ന ചെറിയ കൈത്തോടുകൾ പോലും വലിയ ആറിനു സമാനമായാണ് ഒഴുകുന്നത്.

