ടാങ്ക് നിറഞ്ഞ് വെള്ളം പുറത്തേക്ക് പോകും,വാട്സാപ്പിൽ മെസേജ് വരുമ്പോൾ ഫാൻ ഓഫാകും,. ഒരു ഇലക്ട്രീഷ്യന്‍റെ വീട്ടിൽ നടക്കുന്ന വിചിത്ര സംഭവങ്ങളാണിവയൊക്കെ. കൊല്ലം കൊട്ടാരക്കര നെല്ലിക്കുന്നത്ത് ഇലക്ട്രീഷ്യനായ രാജൻ എന്നയാളുടെ വീട്ടിലാണ് ഈ സംഭവങ്ങൾ നടക്കുന്നത്. ഫോൺ ഹാക്ക് ചെയ്തതാണോയെന്ന സംശയത്തിൽ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഒന്നും ഉണ്ടായിട്ടില്ല.
കഴിഞ്ഞ ഏഴ് മാസമായാണ് രാജന്‍റെ ഭാര്യ വിലാസിനിയുടെ നമ്പറിൽനിന്ന് അവരറിയാതെ, മകൾ സജിതയുടെ ഫോണിലേക്ക് വാട്സാപ്പ് സന്ദേശം വരുന്നതനുസരിച്ച് വീട്ടിൽ ഓരോ കാര്യങ്ങൾ സംഭവിക്കുന്നത്. ഇതേക്കുറിച്ച് വീട്ടുകാർ സൈബർ സെല്ലിലും പൊലീസിലുമൊക്കെ പരാതി നൽകിയെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം ഉയരുന്നത്.
അമ്മ അറിയാതെ ഫോണിൽനിന്ന് മകളുടെ ഫോണിലേക്ക് വാട്ട്സാപ്പ് വഴി എന്ത് സന്ദേശം വരുന്നോ, അത് നടന്നിരിക്കുമെന്നാണ് വീട്ടുകാർ പറയുന്നത്. 'ഞാൻ നിന്‍റെ വീട്ടിലുണ്ട്', 'ഞാൻ നിന്‍റെ വീട്ടിൽ കിണറ്റിനടുത്തുണ്ട്', നിന്‍റെ വീട്ടിലെ ഫാൻ ഇപ്പോൾ ഓഫാകും, നീ എന്‍റെ നമ്പർ ആർക്കു ആക്കെ പറഞ്ഞു കൊടുത്താലും എനിക്കൊന്നുമില്ല'- ഇങ്ങനെയൊക്കെയാണ് മെസേജുകൾ വരുന്നത്.മാസങ്ങൾക്ക് മുമ്പ് സ്വിച്ച് ബോർഡുകളും പിന്നാലെ വൈദ്യുതി ഉപകരണങ്ങളും കത്തി നശിച്ചതോടെയാണ് ഈ സംഭവങ്ങൾ ആരംഭിക്കുന്നത്. ഇലക്ട്രീഷ്യനായിട്ടൂകൂടി തന്റെ വീട്ടിൽ നിരന്തരമായി സ്വിച്ച് ബോർഡും വൈദ്യുത ഉപകരണങ്ങളും കത്തിനശിക്കുന്നത് എങ്ങനെയാണെന്ന് എത്ര പരിശോധിച്ചിട്ടും രാജന് മനസിലാക്കാൻ കഴിഞ്ഞില്ല.
സജിതയുടെ വാട്സാപ്പിൽ ഫാൻ ഓഫാകും എന്ന് മെസേജ് വന്നാലുടൻ ഫാൻ ഓഫാകും. ടാങ്ക് നിറഞ്ഞ് വെള്ളം പോകും എന്ന് പറഞ്ഞതിന് പിന്നാലെ അങ്ങനെ സംഭവിച്ചു. പറഞ്ഞാൽ ആർക്കും വിശ്വാസം വരില്ലെങ്കിലും ഇതൊക്കെ കുറച്ചുകാലമായി തങ്ങൾ അനുഭവിച്ചുവരികയാണെന്നാണ് സജിത പറയുന്നത്.സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ വിലാസിനിയുടെ ഫോൺ ഹാക്ക് ചെയ്തതാണെന്ന് മനസിലായി. ഫാൻ ഓഫാകുന്നതും ടാങ്ക് നിറയുന്നതും സ്വിച്ച് ബോർഡുകൾ കത്തിനശിക്കുന്നതും എങ്ങനെ സംഭവിക്കുന്നുവെന്ന് തങ്ങൾക്ക് അറിയില്ലെന്നും സൈബർ സെൽ അറിയിച്ചു.
| Group56 |


