സംസ്ഥാനത്ത് ഇന്നലെ രേഖപ്പെടുത്തിയത് കൊടും ചൂട്. പാലക്കാടും, തൃശൂരും, കണ്ണൂരുമാണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത്. അനൗദ്യോഗിക കണക്കു പ്രകാരം കണ്ണൂർ ചെമ്പേരിയിൽ 41.3 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. ഇരിക്കൂർ, തൃശൂർ പീച്ചി, വെള്ളാനിക്കര, പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില രേഖപ്പെടുത്തിയത്.ഔദ്യോഗിക ഡേറ്റ പ്രകാരവും സംസ്ഥാനത്ത് ഇന്നലെ റെക്കോർഡ് താപനിലയായിരുന്നു. ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് 39 ഡിഗ്രി സെൽഷ്യസ് ഇന്നലെ പാലക്കാടും, കരിപ്പൂർ വിമാനതാവളത്തിലും രേഖപെടുത്തി.
സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ശരാശരി താപനിലയും ഇന്നലെ രേഖപെടുത്തി. 36.2 ഡിഗ്രി സെൽഷ്യസായിരുന്നു ശരാശരി താപനില. ഇന്നും താപനില ഉയരും.അതേസമയം കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അതിശക്തമായ ചൂട് അനുഭവപ്പെട്ടു.ഏപ്രിൽ മാസത്തെ അതിശക്തമായ ചൂട് പല രോഗങ്ങൾക്കും കാരണമാകാൻ സാധ്യതയുള്ളതുകൊണ്ട് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 11 മണി മുതൽ ഉള്ള സമയങ്ങളിൽ വെയിൽ കൊള്ളുന്നത് കഴിവതും ഒഴിവാക്കുകയും ധാരാളം വെള്ളം കുടിക്കാനും നിർദ്ദേശമുണ്ട്