അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിയ ആഡംബരക്കപ്പൽ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ പോയ ടൈറ്റൻ അന്തർവാഹിനിയിലെ യാത്രക്കാരായ അഞ്ചു പേരും മരിച്ചതായി റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുകയാണ്. ടൈറ്റൻ പൊട്ടിത്തെറിച്ച് അഞ്ച് യാത്രക്കാരും മരിച്ചെന്ന് യുഎസ് കോസ്റ്റ് ഗാർഡ് സ്ഥിരീകരിച്ചു.
“മരിച്ചവരുടെ കുടുംബാംഗങ്ങളോട് യുണൈറ്റഡ് സ്റ്റേറ്റ്സ് കോസ്റ്റ് ഗാർഡിന്റെയും മുഴുവൻ കമാൻഡിന്റെയും അഗാധമായ അനുശോചനം അറിയിക്കുന്നു,” എന്നും റിയർ അഡ്മിറൽ ജോൺ മൗഗർ പറഞ്ഞു.
ബ്രിട്ടീഷ് പര്യവേക്ഷകൻ ഹാമിഷ് ഹാർഡിംഗ്, ഫ്രഞ്ച് അന്തർവാഹിനി വിദഗ്ധൻ പോൾ-ഹെൻറി നർജിയോലെറ്റ്, പാക്-ബ്രിട്ടീഷ് വ്യവസായി ഷഹ്‌സാദ് ദാവൂദ്, അദ്ദേഹത്തിന്റെ മകൻ സുലെമാൻ, ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസിന്റെ സിഇഒ സ്റ്റോക്ക്‌ടൺ റഷ് എന്നിവരാണ് ടൈറ്റന്റെ അകത്ത് ഉണ്ടായിരുന്നത്.
ഈ ദുരന്തസമയത്ത് തങ്ങളുടെ ഹൃദയങ്ങൾ ഈ അഞ്ചു പേരുടെ ആത്മാക്കൾക്കും അവരുടെ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ഒപ്പമാണെന്ന് ഓഷ്യൻഗേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
1912ൽ തകർന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ അഞ്ച് യാത്രക്കാരുമായി അറ്റ്ലാന്റിക് സമുദ്രത്തിലേക്കുപോയതാണ് ടൈറ്റൻ അന്തർവാഹിനി. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ ഏറ്റവും അടുത്തു കാണാനായിരുന്നു യാത്ര. ടൈറ്റാനികിന് 1600 മീറ്റർ അകലെയാണ് തിരച്ചിൽ സംഘം ടൈറ്റന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.





