മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി അന്തരിച്ചു. 79 വയസായിരുന്നു. തൊണ്ടയിലെ അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ന്യൂമോണിയ ബാധിച്ചതാണ് അദ്ദേഹത്തിൻറെ ആരോഗ്യസ്ഥിതി നേരത്തെ വഷളാക്കിയത്. ബംഗളുരുവിലെ ചിന്മയ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 4.30 ഓടെയായിരുന്നു അന്ത്യം.
ഭൗതിക ശരീരം ഉച്ചയ്ക്ക് രണ്ടുമണിയോടെ തിരുവനന്തപുരത്ത് എത്തിക്കും. രാഹുൽ ഗാന്ധി, സോണിയാഗാന്ധി തുടങ്ങിയ ഉന്നത കോൺഗ്രസ് നേതാക്കൾ ഉടൻ എത്തും. സംസ്ക്കാരം പുതുപ്പള്ളിയിൽ. അഞ്ച് പതിറ്റാണ്ടായി പുതുപ്പള്ളിയിലെ എംഎൽഎയായിരുന്നു.
2004 മുതൽ 2006വരയും 2011 മുതൽ 2016വരെയും മുഖ്യമന്ത്രിയായിരുന്നു. 2006 മുതൽ 2011 വരെ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു.1943 ഒക്ടോബർ 31 ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ ഒ ചാണ്ടിയുടേയും ബേബി ചാണ്ടിയുടേയും മകനായിട്ടാണ് ഉമ്മൻ ചാണ്ടിയുടെ ജനനം. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ എസ് യു വിലൂടെ പൊതുപ്രവർത്തനരംഗത്തെത്തി.
പുതുപ്പളളി എം ഡി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി സെന്റ് ജോർജ് ഹൈസ്‌കൂളിലും ശേഷം കോട്ടയം സി എം എസ് കോളേജിലും പഠിച്ചു. ചങ്ങനാശ്ശേരി എസ്ബി കോളേജില്‍ നിന്നും ബി എ ബിരുദവും എറണാകുളം ലോ കോളേജില്‍ നിന്നും നിയമബിരുദവും കരസ്ഥമാക്കി.കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ മക്കളാണ്.
Join:👉 Whatsapp l Telegram l Google News




