അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അനുസ്മരിക്കാന്‍ കെപിസിസി സംഘടിപ്പിക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
തിങ്കളാഴ്ച വൈകിട്ട് നാലിന് തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളിലാണ് പരിപാടി നടക്കുക. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് ചടങ്ങിന്റെ അധ്യക്ഷന്‍. വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും.
അനുസ്മരണ ചടങ്ങിലേക്ക് കക്ഷിനേതാക്കളെ മാത്രം ക്ഷണിക്കാനായിരുന്നു ആദ്യം കോണ്‍ഗ്രസ് തീരുമാനം. എന്നാല്‍, പരിപാടിയിലേക്ക് മുഖ്യമന്ത്രിയെ കൂടി ക്ഷണിക്കണമെന്ന് മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ ക്ഷണിക്കാന്‍ തീരുമാനമായത്. പരിപാടിയിലേക്കുള്ള കെപിസിസിയുടെ ക്ഷണം മുഖ്യമന്ത്രി സ്വീകരിച്ചു.
ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് കെപിസിസി പ്രഖ്യാപിച്ച ഒരാഴ്ചത്തെ ദുഃഖാചരണം ഈ അനുസ്മരണ പരിപാടിയോടെ സമാപിക്കും. പരിപാടിയിലേക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളെ ക്ഷണിക്കും. മുഖ്യമന്ത്രിയെ ക്ഷണിക്കുന്ന കാര്യത്തില്‍ കെപിസിസി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആണ് മുഖ്യമന്ത്രിയെ ക്ഷണിച്ചത്.





