പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം നിറവേറ്റുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍. ന്യൂഡല്‍ഹിയില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നതിന് പിന്നാലെ പുതുപ്പള്ളിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ നിലനിൽക്കുന്ന തെരഞ്ഞെടുപ്പാണിത്. കഴിഞ്ഞ ഏഴ് വർഷമായി തുടരുന്ന എൽഡിഎഫ് സർക്കാരിൻ്റെ ഭരണവും,വികസനം ഉൾപ്പെടെ ചർച്ചയാകും.
മരണം വരെ ഉമ്മൻചാണ്ടി ജീവിച്ചത് കോൺഗ്രസിന് വേണ്ടിയാണ്. പിതാവിൻ്റെ വഴിയേ തന്നെ വിജയിക്കുക എന്നത് തന്റെ കടമയാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.‘എന്റെ പിതാവ് 53 വര്‍ഷത്തോളം ഈ മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്നു.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം തന്നെ യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് കഴിഞ്ഞു. കെപിസിസി പ്രസിഡന്‍റ് കെ സുധാകരനാണ് ചാണ്ടി ഉമ്മന്‍റെ പേര് പ്രഖ്യാപിച്ചത്. പുതുപ്പള്ളി നിയമസഭാമണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ അഞ്ചിന് നടക്കും. സെപ്റ്റംബർ എട്ടിനാണ് വോട്ടെണ്ണൽ നടക്കുക.
നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17ന് ആണ്. സൂക്ഷ്മപരിശോധന ഓഗസ്റ്റ് 18ന് നടക്കും. നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 21 ആയിരിക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഓഗസ്റ്റ് പത്തിന് പുറത്തുവരും. മാതൃകാ പെരുമാറ്റച്ചട്ടവും നിലവിൽ വന്നു.




