![]() |
| ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
എഴുപത്തിരണ്ടുകാരനും വൃക്കരോഗിയുമായ ശിവകുമാറിനെ താല്‍ക്കാലികമായി തന്റെ സ്റ്റാഫില്‍ തുടരാൻ അനുവദിച്ചിരുന്നു. വിമാനത്താവളത്തിലെ സഹായത്തിന് മാത്രമാണ് പാര്‍ട്ട് ടൈം സ്റ്റാഫായി തല്‍ക്കാലത്തേക്ക് ശിവകുമാറിനെ നിയമിച്ചത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പേഴ്സണല്‍ സ്റ്റാഫിനെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരിച്ച് ശശി തരൂർ എംപി.
ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയിലായ ശിവകുമാർ പ്രസാദ് തന്റെ മുൻ സ്റ്റാഫാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും തരൂർ എക്സില്‍ കുറിച്ചു.ശിവകുമാറിനുമേല്‍ ആരോപിക്കപ്പെടുന്ന ഒരു തെറ്റും അംഗീകരിക്കുന്നില്ല. ആവശ്യമായ എന്തു നടപടിയും സ്വീകരിക്കാനുള്ള അധികാരികളുടെ നീക്കങ്ങളെ പൂർണമായും പിന്തുണയ്ക്കുന്നുവെന്നും തരൂർ വ്യക്തമാക്കി.
ഡല്‍ഹി വിമാനത്താവളത്തില്‍ സ്വർണക്കടത്ത് നടത്തിയ കേസില്‍ ഇന്നലെയാണ് രണ്ടു പേർ പിടിയിലായത്. ഇതില്‍ ഒരാളായ ശിവകുമാർ പ്രസാദാണ് ശശി തരൂർ എംപിയുടെ പിഎയെന്ന അവകാശവാദവുമായി രംഗത്തെത്തിയത്. ഇയാള്‍ യാത്രക്കാരില്‍ നിന്നും സ്വർണം വാങ്ങാനെത്തിയതാണെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നത്. 500 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. ശശി തരൂരിന്റെ ഔദ്യോഗിക സ്റ്റാഫുകളുടെ പട്ടികയില്‍ ഇയാളുടെ പേരുണ്ടായിരുന്നില്ല. ഡല്‍ഹിയിലെ വീട് കേന്ദ്രീകരിച്ചാണ് ഇയാള്‍ താല്‍ക്കാലിക ജോലി ചെയ്തിരുന്നത്.





