
ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം
കനത്ത മഴയില്‍ കൊച്ചി നഗരത്തിലെ ഇന്‍ഫോപാര്‍ക്ക് അടക്കമുള്ള പല സ്ഥലങ്ങളും വെള്ളക്കെട്ടിലായി. ഗതാഗതക്കുരുക്കും രൂക്ഷമായി. രാവിലെ 8.30 ഓടുകൂടിയാണ് ജില്ലയില്‍ ശക്തമായ മഴ ആരംഭിച്ചത്. നാല് മണിക്കൂറോളം നീണ്ടു നിന്ന മഴയിലാണ് ജില്ലയിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായത്. കൊച്ചിയിലുണ്ടായ കനത്ത മഴയ്ക്ക് കാരണം മേഘവിസ്‌ഫോടനമാകാമെന്ന് വിദഗ്ധര്‍ പറയുന്നത്. കൊച്ചി കുസാറ്റ് ക്യാമ്പസില്‍ 98.4 മില്ലി മീറ്റര്‍ മഴയാണ് ഒരു മണിക്കൂറില്‍ പെയ്തത്. കുസാറ്റിലെ മഴ മാപിനിയിലാണ് അളവ് രേഖപ്പെടുത്തിയത്. കളമശ്ശേരിയിലെ പല വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.
കുറഞ്ഞ സമയത്തിനകം ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയാണ് മേഘവിസ്ഫോടനം. മേഘ വിസ്ഫോടനമുണ്ടാകുന്ന സ്ഥലത്ത് നിമിഷങ്ങൾ കൊണ്ടു വെള്ളപ്പൊക്കവും ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലുമുണ്ടാകും. ഇടിയും മിന്നലുമുണ്ടാകും. മേഖല പ്രളയത്തിലാകും. മണിക്കൂറിൽ 100 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിച്ചാൽ അതിനെ മേഘവിസ്ഫോടനമെന്നു പറയാം. മേഘങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വലുപ്പമേറിയ കുമുലോ നിംബസ് മഴമേഘങ്ങളാണ് മേഘവിസ്ഫോടനമുണ്ടാക്കുന്നത്.




