![]() |
| ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
കേരളത്തെ ബാല സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വീട്, സ്‌കൂള്‍, കടകള്‍, ഷോപ്പിംഗ് മാളുകള്‍ തുടങ്ങി പൊതു സ്ഥലങ്ങളിലെല്ലായിടത്തും കുട്ടികള്‍ക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. ഇതിലൂടെ കുഞ്ഞുങ്ങളുടെ അവകാശം സംരക്ഷിക്കാനാണ് വനിത ശിശുവികസന വകുപ്പ് പരിശ്രമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. അങ്കണവാടി പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനവും അങ്കണ പൂമഴ പുസ്തകങ്ങളുടെ പ്രകാശനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കുട്ടികളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വികാസത്തിന് ഉന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. അങ്കണവാടികളുടെ ഭൗതിക സാഹചര്യങ്ങള്‍ മികച്ചതാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 90 സ്മാര്‍ട്ട് അങ്കണവാടികള്‍ നിര്‍മ്മിച്ചു. അങ്കണവാടികളെ ശിശു സൗഹൃദ- ശിശു പരിപോഷണ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനും അങ്കണവാടി കെട്ടിടത്തെയും പരിസരത്തെയും ഒന്നാകെ പരിവര്‍ത്തനപ്പെടുത്തി. ആകര്‍ഷകമായ നിറങ്ങളോട് കൂടിയ ഫര്‍ണിച്ചര്‍, ശിശു സൗഹൃദ ടോയിലറ്റ്,
വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍, പച്ചക്കറിത്തോട്ടം, ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കള എന്നീ സൗകര്യങ്ങള്‍ സ്മാര്‍ട്ട് അങ്കണവാടികളുടെ പ്രത്യേകതയാണ്. ഇതുകൂടാതെ ചായം പദ്ധതി വഴി ഭിന്നശേഷി കുട്ടികള്‍ക്കായി 142 അങ്കണവാടികളെ സവിശേഷ അങ്കണവാടികളാക്കി മാറ്റുന്നതിന് ഒരു അങ്കണവാടിയ്ക്ക് 2 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്.സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഫോസ്റ്റര്‍ കെയര്‍ പദ്ധതിയെ യുണിസെഫും അഭിനന്ദിച്ചിരുന്നതായും മന്ത്രി പറഞ്ഞു.





