![]() |
| ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
സ്റ്റാഫ് റൂമിൽ കിടന്നുറങ്ങുക, പഠിപ്പിക്കുന്നത് മനസിലാകാതിരിക്കുക, ജോലി ചെയ്യാതിരിക്കുക തുടങ്ങിയ ഗുരുതര കാരണങ്ങളാൽ നടപടി നേരിട്ട അധ്യാപികമാരെ വയനാട് ഉൾപ്പെടെയുള്ള ജില്ലകളിലേക്ക് സ്ഥലം മാറ്റിയതിൽ പ്രതിഷേധം. അധ്യാപികമാരെ സ്ഥലം മാറ്റിയ ഡിജിഇയുടെ നടപടിക്കെതിരെ കെഎസ്ടിഎ കോട്ടയം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. വ്യക്തി സ്വാതന്ത്ര്യവും സ്വകാര്യതയും ഹനിക്കുന്നതരത്തിലുള്ള മുൻ പ്രിൻസിപ്പലിന്റെ നടപടിക്കെതിരെ പരാതിപ്പെട്ട അധ്യാപികമാരെ കേൾക്കാതെ ഏകപക്ഷീയമായി സ്ഥലം മാറ്റുന്ന നടപടിയാണ് ഉണ്ടായതെന്ന് സംഘടന കുറ്റപ്പെടുത്തി.
അധ്യാപികമാരുടെ പരാതി ശരിവക്കുന്ന രീതിയിലുള്ള വനിതാ കമ്മീഷൻ റിപ്പോർട്ട് നിലനിൽക്കെ, അതുപോലും മുഖവിലക്കെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥനോ ഡിജിഇയോ തയാറായില്ല. പ്രതികാര നടപടിയെന്ന നിലയിലാണ് അഞ്ച് അധ്യാപികമാരെ ദൂരസ്ഥലത്തേക്ക് മാറ്റിയിരിക്കുന്നത്.ഈ അധ്യാപക ദ്രോഹനടപടികൾ പിൻവലിക്കണമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും കെഎസ്ടിഎ കോട്ടയം ജില്ലാ സെക്രട്ടറി കെ എസ് അനില്‍കുമാർ ആവശ്യപ്പെട്ടു.
ചങ്ങനാശേരി ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ 5 അധ്യാപികമാരെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയത്.സിപിഎം അനുകൂല സംഘടനയായ കെഎസ്ടിഎയും പ്രതിപക്ഷ സംഘടനയായ എച്ച്എസ്എസ്ടിഎയുമാണ് നടപടിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. 2023 ഫ്രെബ്രുവരി മാസത്തില്‍ സ്കുളിലെ ഇംഗ്ലീഷ് അധ്യാപിക പ്രിന്‍സിപ്പലിനെതിരെ നല്‍കിയ പരാതിയിൽ നടപടി എടുക്കുന്നതിന് പകരം എംഎൽഎയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തിനു ശേഷം പരാതിക്കാരിക്കെതിരെ റിപ്പോർട്ട് നൽകിയത് സംശയാസ്പദമാണ്.
അധ്യാപികമാരുടെ സ്വകാര്യതയെ ലംഘിക്കും വിധം പെരുമാറി എന്ന് പ്രിന്‍സിപ്പലിനെതിരെ പരാതി ഉണ്ടായിട്ടും അതിന്മേല്‍ വനിതാ കമ്മീഷന്‍ നടപടികള്‍ പുരോഗമിക്കുന്ന ഈ ഘട്ടത്തില്‍ വേട്ടക്കാരെ സംരക്ഷിച്ച് ഇരകളെ ബലിയാടാക്കുന്ന ഡയറക്ടറുടെ നടപടിക്കെതിരെ സംഘടന ശക്തമായ പ്രതിഷേധം അറിയിക്കുന്നതായി എച്ച് എസ് എസ് ടി എ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
.jpg)




