ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം
കോട്ടയം: റോഡുകളുടെ അറ്റകുറ്റപണികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും അപകടകരമായ മരങ്ങൾ ഉടൻ തന്നെ മുറിച്ചുമാറ്റണമെന്നും നടപ്പാതകൾ കൈയേറുന്നതിനെതിരേ നടപടി വേണമെന്നും ജില്ലാ വികസന സമിതി യോഗത്തിൽ ആവശ്യം. ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അധ്യക്ഷത വഹിച്ചു.
താലൂക്ക് വികസന സമിതികളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിർബന്ധമായും പങ്കെടുക്കണമെന്നു ജില്ലാ കളക്ടർ നിർദേശിച്ചു. താലൂക്ക് സമിതികളിൽ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ പങ്കെടുക്കുന്നില്ലെന്ന് ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടിയതോടെ താലൂക്ക്തല സമിതികൾ പുനസംഘടിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
മഴ കനത്തതോടെ കച്ചവടക്കാർ നടപ്പാതകൾ കൈയേറിയിരിക്കുകയാണെന്നും വിദ്യാർഥികൾക്കും കാൽനടയാത്രക്കാർക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും ഇതിനെതിരേ കർശന നടപടി സ്വീകരിക്കമെന്നും സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ആവശ്യപ്പെട്ടു. പഴയ ക്വാറികൾ ഉപക്ഷേിക്കപ്പെട്ട സ്ഥലത്തെ കുളങ്ങളിൽ മുങ്ങിമരണങ്ങളുണ്ടാകുന്നതു പതിവാണെന്നു ചൂണ്ടിക്കാട്ടിയ സർക്കാർ ചീഫ് വിപ്പ് ക്വാറികൾക്ക് ലൈൻസ് നൽകുമ്പോൾ തന്നെ ഇത്തരം കാര്യങ്ങൾ സംഭവിക്കാതിരിക്കാനുള്ള വ്യവസ്ഥകൾ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു.
പൊന്തൻപുഴ വനാതിർത്തിക്കു പുറത്തുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന ആദിവാസി കുടുംബങ്ങൾക്കു പട്ടയം നൽകുന്നതിനായി ഫീൽഡ് സർവേ നടപടികൾ ആരംഭിച്ചായി ഡോ. എൻ. ജയരാജിനെ യോഗം അറിയിച്ചു.
സ്‌കൂൾ വിട്ടുവരുന്ന സമയത്തു ബൈക്കുകളിലുള്ള അഭ്യാസങ്ങളുമായി കറങ്ങി നടക്കുന്ന സംഘങ്ങൾക്കെതിരേ രക്ഷാകർത്താക്കളും സ്‌കൂൾ അധികൃതരും പരാതി നൽകിയിട്ടുണ്ടെന്നും ഇതിനെതിരേ കർശന നടപടിയെടുക്കണമെന്നും ചീഫ് വിപ്പ് ആവശ്യപ്പെട്ടു.