കോട്ടയം: കെഎസ്ആർടിസി ബസില്‍ വിദേശമദ്യം കടത്തിയ ഡ്രൈവറെ സസ്‌പെൻഡ് ചെയ്തു. കണ്ടക്ടറെ പിരിച്ചുവിട്ടു. കെഎസ്ആർടിസി പൊൻകുന്നം ഡിപ്പോയിലെ മണക്കടവ് ഫാസ്റ്റ് പാസഞ്ചർ ബസില്‍ വിദേശമദ്യം കടത്തിയതിന് ഡ്രൈവർ വി.ജി. രഘുനാഥനെയാണ് സസ്‌പെൻഡ് ചെയ്തത്. താത്‌കാലിക ഡ്രൈവർ കം കണ്ടക്ടർ ജീവനക്കാരനായ ഫൈസലിനെ പിരിച്ചുവിട്ടു. സംഭവം നടന്ന ദിവസം ഇയാള്‍ കണ്ടക്ടറുടെ ചുമതലയിലായിരുന്നു.
ഓഗസ്റ്റ് 10നാണ് കോർപ്പറേഷന്റെ വിജിലൻസ് സ്‌ക്വാഡ് കോഴിക്കോട് ബസ്‌സ്റ്റാൻഡില്‍ വെച്ച് ബസിനുള്ളില്‍ കണ്ടക്ടറുടെ സീറ്റിനടിയിലെ പെട്ടിയില്‍ നിന്ന് 750 മില്ലിലിറ്റർ വീതമുള്ള അഞ്ചു കുപ്പി വിദേശമദ്യം കണ്ടെടുത്തത്. ഇവ എക്‌സൈസിന് കൈമാറി കേസെടുത്തു. മദ്യം കടത്തിയത് കോർപ്പറേഷന്റെ സല്‍പ്പേരിനു കളങ്കം വരുത്തിയെന്നും ഗുരുതര കൃത്യവിലോപവും ചട്ടലംഘനവും ആണെന്നും ചൂണ്ടിക്കാട്ടിയാണ് ഗവ. അഡീഷണല്‍ സെക്രട്ടറിയും വിജിലൻസ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ എ. ഷാജി നടപടി സ്വീകരിച്ചത്.