കോട്ടയം കുറവിലങ്ങാട് മോനിപ്പള്ളിക്ക് സമീപം എംസി റോഡിൽ വാഹനാപകടത്തിൽ കുട്ടി ഉൾപ്പെടെ 3 പേരാണ് മരിച്ചത്. മോനിപ്പള്ളിക്കും കൂത്താട്ടുകുളത്തിനുമിടയിൽ ആറ്റിക്കലിലായിരുന്നു അപകടം. കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന 3 പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടത്തിൽ മൂന്നു പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
രാവിലെ 11മണിയോടെയായിരുന്നു അപകടം. ഏറ്റുമാനൂർ നീണ്ടൂർ ഓണംതുരുത്ത് കുറുപ്പൻ പറമ്പിൽ സുരേഷ് കുമാർ ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സ്ത്രീയും കുട്ടിയും മരിച്ചിട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങൾ ലഭ്യമല്ല. മരിച്ചവർ മൂവാറ്റുപുഴ ഭാഗത്തുനിന്ന് ഏറ്റുമാനൂരിലേക്ക് വരികയായിരുന്നു.
കോട്ടയം - കൂത്താട്ടുകുളം റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ഓർഡിനറി ബസാണ് കാറുമായി കൂട്ടിയിടിച്ചത്. കൂത്താട്ടുകുളത്ത് നിന്ന് അഗ്നിരക്ഷാ സേന എത്തി കാർ വെട്ടിപൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. അപകടത്തെ തുടർന്ന് എംസി റോഡിൽ ഏറെ നേരം വാഹനഗതാഗതം തടസപ്പെട്ടു.


