കോട്ടയം വയസ്കര രാജ്ഭവനിലെ സൗമ്യവതി തമ്പുരാട്ടിക്കാണ് ഇത്തവണയും സംസ്ഥാന സർക്കാർ ഉത്രാടക്കിഴി സമർപ്പിച്ചത്.ജില്ലാ കളക്ടർ ജോൺ വി സാമുവൽ ആണ് ഉത്രാടക്കിഴിയായി 1001രൂപ സമർപ്പിച്ചത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ തമ്പുരാട്ടിയെ പൊന്നാട അണിയിച്ച് ആദരിച്ചു.രാജ ഭരണകാലത്ത് നടന്നു വന്ന ഉത്രാടക്കിഴി സമർപ്പണം പിന്നീട് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നടത്തുകയായിരുന്നു.
കൊച്ചി രാജാവ് രാജകുടുംബാംഗങ്ങളായ സ്ത്രീകൾക്ക് ഓണത്തോടനുബന്ധിച്ചു നൽകിയിരുന്ന സമ്മാനമായിരുന്നു ഉത്രാടക്കിഴി, . കൊച്ചി രാജവംശത്തിന്റെ പിന്മുറക്കാരിയെന്ന നിലയിലാണ് വയസ്കര കോവിലകത്തെ രാജരാജവർമയുടെ ഭാര്യ സൗമ്യവതിക്ക് കിഴി കൈമാറിയത്. തൃശൂർ കളക്ടറേറ്റിൽ നിന്നനുവദിക്കുന്ന തുക ബന്ധപ്പെട്ട തഹസീൽദാർമാർക്ക് കൈമാറുകയാണ് ചെയ്യുന്നത്. മുമ്പ് 14 രൂപയായിരുന്ന തുകയാണ് പിന്നീട് 1001 രൂപയായി വർധിപ്പിച്ചത്.



