◾ വഖഫ് ബില്ലിനെ പൂര്‍ണ്ണമായും എതിര്‍ക്കാതെ ചില വ്യവസ്ഥള്‍ക്കെതിരായി മാത്രം വോട്ടു ചെയ്യുക എന്ന നിലപാട് കേന്ദ്ര നേതൃത്വത്തെ അറിയിച്ച് ഒരു വിഭാഗം കോണ്‍ഗ്രസ് എംപിമാര്‍. വഖഫ് നിയമത്തിലെ ഭരണഘടനാ വിരുദ്ധ നിര്‍ദ്ദേശങ്ങള്‍ തിരുത്തുന്നതിനെ കേരളത്തിലെ എംപിമാര്‍ അനുകൂലിക്കണം എന്നാണ് കെസിബിസി ആവശ്യപ്പെട്ടത്. മുനമ്പം സമരം ചൂണ്ടിക്കാട്ടിയ ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു, സങ്കുചിത താത്പര്യങ്ങള്‍ മാറ്റിവയ്ക്കണമെന്ന് സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചു. ധനമന്ത്രി നിര്‍മ്മല സീതാരാമനും കെസിബിസി നിലപാട് സ്വാഗതം ചെയ്തു.◾ കെസിബിസിക്ക് പിന്നാലെ വഖഫ് നിയമഭേദഗതിയെ എതിര്‍ക്കരുതെന്ന നിലപാടുമായി സിബിസിഐയും. വഖഫ് നിയമഭേദഗതി ബില്‍ എതിര്‍ക്കപ്പെടേണ്ടതല്ലെന്ന നിലപാടാണ് സിബിസിഐ മുന്നോട്ട് വെക്കുന്നത്. ഭരണഘടനാ വിരുദ്ധമായ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യപ്പെടണമെന്നും മതന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും സിബിസിഐ പ്രസ്താവനയില്‍ പറയുന്നു.◾ വഖഫ് നിയമ ഭേദഗതി ബില്ലിനെ പൂര്‍ണമായി അനുകൂലിക്കാന്‍ കെസിബിസി ആവശ്യപ്പെട്ടിട്ടില്ലെന്ന് കോട്ടയം എംപി ഫ്രാന്‍സിസ് ജോര്‍ജ്. ബില്ലിലെ വ്യവസ്ഥകള്‍ എന്തൊക്കെയെന്ന് ഇപ്പോഴും വ്യക്തമല്ല, വ്യവസ്ഥകള്‍ അറിഞ്ഞശേഷം അതേക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഒരിക്കലും ഹനിക്കപ്പെടില്ലെന്നും വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം നിലപാട് വ്യക്തമാക്കുമെന്നും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവായ അദ്ദേഹം വ്യക്തമാക്കി. ◾ 157 നഴ്സിങ് കോളജുകള്‍ കേന്ദ്രം അനുവദിക്കുമ്പോള്‍ ഒന്നു പോലും കേരളത്തിന് ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ വലിയ വിഷമം ഇല്ലെന്നും എയിംസ് പോലും ഇല്ലാത്ത സംസ്ഥാനമാണ് കേരളമെന്നും ഓരോ വര്‍ഷവും കേന്ദ്രത്തിനോട് ചോദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എയിംസിനുള്ള മാനദണ്ഡം നോക്കിയാല്‍ അര്‍ഹതയില്ലെന്ന് ആരും പറയില്ലെന്നും നമുക്ക് കാത്തിരിക്കാം എന്നല്ലാതെ എന്തു ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു. നെട്ടയം ശാരദാ നേഴ്സിങ് കോളേജ് ഉദ്ഘാടന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
◾ സെക്രട്ടേറിയറ്റിന് മുന്നില്‍ മുടി മുറിച്ചെറിഞ്ഞും തല മുണ്ഡനം ചെയ്തും പ്രതിഷേധിച്ച് ആശാ സമരക്കാര്‍. അമ്പതാം ദിവസം പിന്നിട്ടിട്ടും അനുഭാവം ഇല്ലാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ എന്ന മുദ്രാവാക്യത്തോടെയായിരുന്നു സഹന സമരം.ഓണറേറിയം 21000 രൂപയാക്കുക, വിരമിക്കല്‍ ആനുകൂല്യത്തിനും പെന്‍ഷനും പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ആശാവര്‍ക്കര്‍മാര്‍ മുന്നോക്ക് വക്കുന്നത്.◾ സെക്രട്ടറിയേറ്റിനു മുന്നില്‍ തലമുണ്ഡനം നടത്തിയവര്‍ പ്രതിഷേധിക്കേണ്ടത് ദില്ലിയിലാണെന്ന് പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കേന്ദ്ര തൊഴില്‍ നിയമപ്രകാരം ആശാവര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ള സ്‌കീം വര്‍ക്കര്‍മാര്‍ക്ക് തൊഴിലാളി എന്ന പദവി നല്‍കണമെന്നും അതിന് അനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര തൊഴില്‍ മന്ത്രിക്ക് കത്ത് അയച്ചിട്ട് ദിവസങ്ങള്‍ ആയിട്ടും ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്നും ആര്‍ജ്ജവമുണ്ടെങ്കില്‍ സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി ഈ ആവശ്യം നടത്തിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.◾ ആശ വര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ മുടിമുറിച്ച് പ്രതിഷേധിക്കുന്നതിന് ഐക്യദാര്‍ഢ്യവുമായി ഗുരുവായൂര്‍ നഗരസഭ ഓഫീസിന് മുന്നില്‍ ബിജെപി നേതാക്കള്‍ തല മുണ്ഡനം ചെയ്തു. ബിജെപി തൃശ്ശൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്‌മണ്യം പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ◾ മോഹന്‍ലാലിനും സംവിധായകന്‍ പൃഥ്വിരാജിനും നേരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഫെഫ്ക.. എമ്പുരാനില്‍ പ്രവര്‍ത്തിച്ച എല്ലാ ചലച്ചിത്ര പ്രവര്‍ത്തകരെയും ചേര്‍ത്തു നിര്‍ത്തുന്നുവെന്ന് ഫെഫ്ക ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. പൃഥ്വിരാജിനും മോഹന്‍ലാലിനും എതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന ആക്രമണം നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണെന്നും വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍, അത് അധിക്ഷേപവും ഭീഷണിയും ചാപ്പകുത്തലുമാകരുതെന്നും ഫെഫ്ക വ്യക്തമാക്കി. ◾ എമ്പുരാന്റെ വീണ്ടും എഡിറ്റ് ചെയ്ത പതിപ്പ് തിയേറ്ററുകളിലെത്താന്‍ വൈകുമെന്ന് റിപ്പോര്‍ട്ടുകള്‍. എഡിറ്റിങ്ങും സെന്‍സറിങ്ങും പൂര്‍ത്തിയായെങ്കിലും സാങ്കേതികമായ നടപടിക്രമങ്ങള്‍ ഇനിയുമുള്ളതാണ് കാലതാമസത്തിന് കാരണം. വെട്ടിമാറ്റലിന് ശേഷമുള്ള എമ്പുരാന്‍ വ്യാഴാഴ്ചയോടുകൂടിയാകും എത്തുകയെന്നാണ് പുതിയ വിവരം. ◾ എമ്പുരാന്‍ ആഗോളതലത്തില്‍ 200 കോടി ക്ലബില്‍ ഇടംപിടിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നുനില്‍ക്കേയാണ് സിനിമ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. മോഹന്‍ലാലാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ ആദ്യം അറിയിച്ചത്. റിലീസ് ചെയ്ത് വെറും അഞ്ച് ദിവസംകൊണ്ടാണ് എമ്പുരാന്‍ 200 കോടി ക്ലബിലെത്തിയത്.
◾ എമ്പുരാനില്‍ ക്രിസ്ത്യന്‍ വിരുദ്ധ ആശയങ്ങളുണ്ടെന്ന ആരോപണവുമായി എമ്പുരാന്‍ സിനിമയ്ക്കും പൃഥ്വിരാജിനുമെതിരെ വീണ്ടും ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍. ക്രിസ്ത്യന്‍ വിഭാഗത്തിന്റെ ആശങ്കകള്‍ എന്ന നിലയ്ക്കാണ് ജിതിന്‍ ജേക്കബ് ലേഖനം തയ്യാറാക്കിയിട്ടുള്ളത്◾ മതനിരപേക്ഷ രാജ്യത്തിന്റെ ആവശ്യകതയെ ഫലപ്രദമായി എമ്പുരാനില്‍ അവതരിപ്പിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വര്‍ഗീയതയ്ക്കും കലാപത്തിനും എതിരെ സമാധാനം എന്ന ആശയം ഉത്പാദിപ്പിക്കുന്ന സിനിമയാണിതെന്നും നടന്ന സംഭവങ്ങളുടെ അവതരണം ആണ് സിനിമയില്‍ കണ്ടതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ◾ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച രണ്ട് വന്‍ ടൂറിസം പദ്ധതികള്‍ക്ക് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ അനുമതി. സ്വദേശ് ദര്‍ശന്‍ 2.0 സ്‌കീം പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് 169.05 കോടി രൂപയുടെ അനുമതി. ആലപ്പുഴ-എ ഗ്ലോബല്‍ വാട്ടര്‍ വണ്ടര്‍ലാന്‍ഡ് എന്ന പദ്ധതിക്ക് 93.17 കോടി രൂപയും മലമ്പുഴ ഉദ്യാനവും പാര്‍ക്കും മോടിപിടിപ്പിക്കുന്നതിന് 75.87 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. ◾ കേന്ദ്രസര്‍ക്കാരിനെ വീണ്ടും പ്രശംസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കോവിഡ് 19 കാലത്ത് വാക്സീന്‍ നയം ലോക നേതൃപദവിയിലേക്ക് ഇന്ത്യയെ ഉയര്‍ത്തിയെന്നും നിര്‍ണായക സമയത്ത് മറ്റ് ലോകരാഷ്ട്രങ്ങള്‍ ചെയ്യാത്ത നിലയില്‍ 100 ലധികം രാജ്യങ്ങള്‍ക്ക് ഇന്ത്യ വാക്സീന്‍ നല്‍കി സഹായഹസ്തം നീട്ടിയെന്നും ഇതിലൂടെ ലോകരാജ്യങ്ങള്‍ക്ക് ഇന്ത്യ വിശ്വസ്ത സുഹൃത്തായി മാറിയെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായ ശശി തരൂര്‍ പറഞ്ഞു. ◾ തൃശൂര്‍ പൂരം വെടിക്കെട്ട് അനുമതിയില്‍ ജില്ലാ ഭരണകൂടം നിയമോപദേശം തേടും. വേല വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നല്‍കിയ സാഹചര്യത്തില്‍ തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി നല്‍കാന്‍ കഴിയുമോയെന്നാണ് നിയമോപദേശം തേടുന്നത്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് വേലയ്ക്ക് വെടിക്കെട്ടിന് അനുമതി ലഭിച്ച സാഹചര്യത്തിലാണ് അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടുന്നത്. ◾ ഉത്സവത്തിനും മേട വിഷുവിനോട് അനുബന്ധിച്ചുള്ള പൂജകള്‍ക്കുമായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് നാല് മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍ കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. ഏപ്രില്‍ രണ്ടിന് രാവിലെ 9.45നും 10 .45 നും മധ്യേ തന്ത്രി കണ്ഠരര് രാജീവരുടെ കാര്‍മികത്വത്തില്‍ ഉത്സവത്തിന് കൊടിയേറും. ഏപ്രില്‍ 11നാണ് പമ്പാ നദിയില്‍ ആറാട്ട്. ഉത്സവം കഴിഞ്ഞ് വിഷുവിനോട് അനുബന്ധിച്ച് പൂജകള്‍ കൂടി വരുന്നതിനാല്‍ തുടര്‍ച്ചയായി 18 ദിവസം ദര്‍ശനത്തിന് അവസരം ലഭിക്കും.
◾ കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകളില്‍ പദ്ധതി വിഹിതത്തില്‍ നിന്നും മിച്ചം പിടിച്ച തുക ഉപയോഗിച്ച് പുതിയ പദ്ധതികള്‍ ട്വന്റി ട്വന്റി പാര്‍ട്ടി പ്രഖ്യാപിച്ചു. ട്വന്റി ട്വന്റി ഭരിക്കുന്ന എറണാകുളം കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകളില്‍ താമസിക്കുന്നവര്‍ക്ക് വൈദ്യുതി, പാചകവാതക ബില്ലുകളില്‍ 25 ശതമാനം ഇളവ് ലഭിക്കുന്ന പദ്ധതിയാണ് പ്രഖ്യാപിച്ചത്. രണ്ടു പഞ്ചായത്തുകളിലുമായി പ്ലാന്‍ ഫണ്ടില്‍ മിച്ചംവന്നം 37.5 കോടി രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.◾ അടൂര്‍ നഗരസഭാ അധ്യക്ഷ ലഹരി മാഫിയയ്ക്ക് ഒത്താശ ചെയ്യുന്നുവെന്ന ആരോപണം പരസ്യമായി പിന്‍വലിച്ച് തെറ്റ് ഏറ്റുപറഞ്ഞ് സിപിഎം കൗണ്‍സിലര്‍. പാര്‍ട്ടി നേതൃത്വം വടിയെടുത്തതോടെയാണ് സ്വന്തം നഗരസഭ അധ്യക്ഷയ്ക്കെതിരായ ആരോപണം സിപിഎം കൗണ്‍സിലര്‍ റോണി പാണംതുണ്ടില്‍ പിന്‍വലിച്ചത്. സിപിഎം വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്തുവന്ന റോണിയുടെ ശബ്ദരേഖ ഏറെ വിവാദമായിരുന്നു. ലഹരിക്കച്ചവടത്തിന്റെ കേന്ദ്രമായ ഒരു കടക്കെതിരെ പലവട്ടം ആവശ്യപ്പെട്ടിട്ടും നടപടി എടുക്കുന്നില്ലെന്നായിരുന്നു ആരോപണം.◾ യാക്കോബായ സഭയുടെ ചര്‍ച്ചയ്ക്കുള്ള സന്നദ്ധതയോട് അനുകൂലമായി പ്രതികരിച്ച് ഓര്‍ത്തഡോക്സ് സഭ. യാക്കോബായ സഭയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് ഓര്‍ത്തഡോക്സ് സഭ മാധ്യമ വിഭാഗം തലവന്‍ യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ മലങ്കര സഭയിലെ തര്‍ക്കങ്ങളെല്ലാം തുടങ്ങിവച്ചത് യാക്കോബായ സഭയാണെന്നും ഒപ്പം രണ്ട് സഭകളായി തുടരാനാണ് ശ്രമമെങ്കില്‍ കൈവശം വെച്ച പള്ളികള്‍ തിരികെ നല്‍കണമെന്ന നിബന്ധനയും അദ്ദേഹം മുന്നോട്ട് വച്ചു. ◾ ആഴക്കടല്‍ ഖനനത്തിനായുള്ള എല്ലാ നീക്കങ്ങളും നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കത്തയച്ചു. ഖനനം അനുവദിക്കുന്ന ടെന്‍ഡറുകള്‍ റദ്ദാക്കണമെന്ന് രാഹുല്‍ ഗാന്ധി കത്തില്‍ ആവശ്യപ്പെട്ടു. പദ്ധതി ഉണ്ടാക്കുന്ന ആഘാതങ്ങളെ കുറിച്ച് പഠിക്കാതെ സ്വകാര്യ കമ്പനികള്‍ക്ക് കടല്‍ മണല്‍ ഖനനത്തിന് അനുമതി നല്‍കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ◾ ഛത്തീസ്ഗഡില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റിനെ സുരക്ഷാസേന വധിച്ചു. സര്‍ക്കാര്‍ 25 ലക്ഷം രൂപ തലയ്ക്ക് ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റ് രേണുകയാണ് കൊല്ലപ്പെട്ടത്. സ്ഥലത്തുനിന്നും നിരവധി ആയുധങ്ങളും കണ്ടെടുത്തു. ബസ്തര്‍ മേഖലയിലെ ബിജാപൂര്‍ ദന്തേവാഡാ ജില്ലകളുടെ അതിര്‍ത്തിയില്‍ ആണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
◾ കോഴിക്കോട് നാദാപുരം കല്ലാച്ചിയില്‍ കഴിഞ്ഞ ദിവസം നടുറോഡില്‍ വച്ച് പടക്കം പൊട്ടിച്ച യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൊതുസ്ഥലത്ത് സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതിന് എതിരെയാണ് നാദാപുരം പൊലീസ് കേസെടുത്തിരിക്കുന്നത്. കല്ലാച്ചിയിലും വാണിമേല്‍ ടൗണിലും ഗതാഗതം തടസ്സപ്പെടുത്തിക്കൊണ്ട് ഏതാനും പേര്‍ നടുറോഡില്‍ വച്ച് പടക്കം പൊട്ടിക്കുകയായിരുന്നു. ഇതോടെ ഏറെ നേരം വാഹനങ്ങള്‍ റോഡില്‍ കുടുങ്ങിക്കിടന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന അന്‍പതോളം പേര്‍ക്കെതിരെയാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.◾ മലപ്പുറം മാറാക്കരയില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കിണറ്റില്‍ വീണ് അച്ഛനും മകനും ദാരുണാന്ത്യം. മാറാക്കര സ്വദേശികളായ ഹുസൈന്‍, ഹാരിസ് ബാബു എന്നിവരാണ് മരിച്ചത്. ചെറിയ പെരുന്നാളിനോടനുബന്ധിച്ചുള്ള പ്രാര്‍ത്ഥനകള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
Morning news update: പ്രഭാതവാർത്തകൾ--ചുരുക്കത്തിൽ വായിക്കാം
4/01/2025
0
◾ വഖഫ് ബില്ലിനെതിരെ ചിലര്‍ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരണ്‍ റിജിജു. വഖഫ് ബില്‍ മുസ്ലീം വിരുദ്ധമെന്ന് പ്രചരിപ്പിക്കുന്നുവെന്നും ഭൂമിയും ആരാധനാലയങ്ങളും തട്ടിയെടുക്കുമെന്ന് പ്രചരിപ്പിക്കുകയാണെന്നും വഖഫ് നിയമത്തെ ഭരണഘടനാപരമാക്കുകയാണെന്നും ആളുകളെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നത് എന്തിനാണെന്നും കിരണ്‍ റിജിജു ചോദിച്ചു. നുണകള്‍ പ്രചരിപ്പിക്കരുതെന്നും പാര്‍ലമെന്റിന്റെ ഈ സെഷനില്‍ ബില്‍ കൊണ്ടുവരാനുള്ള ശ്രമം ഊര്‍ജിതമായി നടക്കുന്നുവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
Tags
%20copy%20(1).jpg)


