അശ്രദ്ധമായി പിന്നോട്ടെടുത്ത കാര്‍ തട്ടി അപകടം ഉണ്ടായ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അടുത്തിടെ ഒരു പിഞ്ചുകുഞ്ഞിന് ഇതുമൂലം ജീവന്‍ നഷ്ടപ്പെടുന്ന സ്ഥിതിയും ഉണ്ടായി. ഈ പശ്ചാത്തലത്തില്‍ ഇത്തരം സംഭവങ്ങള്‍ ഇല്ലാതാക്കാന്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ ആവര്‍ത്തിച്ചു.
'പല പ്രാവശ്യങ്ങളായി പറയാറുള്ളതുപോലെ വാഹനം എടുക്കുന്നതിനു മുന്‍പ് ഡ്രൈവര്‍ വലതു വശത്തു നിന്ന് തുടങ്ങി മുന്‍പില്‍ കൂടി വാഹനത്തെ ഒന്നു വലം വച്ചു വേണം ഡ്രൈവര്‍ സീറ്റില്‍ കയറാന്‍. ഈ സമയം വാഹനത്തിനു ചുറ്റും ഒന്ന് കണ്ണോടിക്കാന്‍ കഴിയും.കുഞ്ഞുങ്ങള്‍ ഉള്ള വീടാണെങ്കില്‍ കുട്ടി ആരുടെയെങ്കിലും കയ്യില്‍ / സമീപത്ത് സുരക്ഷിതമായി ഉണ്ട് എന്ന് ഉറപ്പാക്കി വേണം വണ്ടി മുന്നോട്ടോ പിന്നോട്ടൊ എടുക്കാന്‍.വിന്‍ഡോ ഗ്ലാസുകള്‍ താഴ്ത്തി വാഹനം വീട്ടിനു വെളിയിലെത്തിയ ശേഷം അടക്കുന്നതാണ് എപ്പോഴും നല്ലത്. എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ഏതെങ്കിലും തരത്തിലുള്ള ശബ്ദം ഡ്രൈവര്‍ക്ക് കേള്‍ക്കാന്‍ ഇത് ഉപകരിക്കും.'- മോട്ടോര്‍ വാഹനവകുപ്പ് കുറിച്ചു.





