മുണ്ടക്കയം - ആരാവണം എന്ന് ചോദ്യത്തിന് ചെറുപ്പം മുതൽ കളക്ടർ എന്ന് ഒറ്റ ഉത്തരമായിരുന്നു സോണറ്റിനുണ്ടായിരുന്നത്. കുഞ്ഞു സോണറ്റിന്റെ സ്വപ്നത്തിന് കുട പിടിക്കാൻ മാതാപിതാക്കളും അധ്യാപകരും ഒപ്പം നിന്നു. മുണ്ടക്കയം സെന്റ് ആന്റണീസ് സ്കൂളിലായിരുന്നു സോണറ്റിന്റെ സ്കൂൾ വിദ്യാഭ്യാസം. എരുമേലി സെന്റ് തോമസ് സ്കൂളിലായിരുന്നു ഹയർസെക്കണ്ടറി പഠനം.
സാധാരണ സ്കൂളിൽ പഠിച്ച് വളരെ പരിമിതമായ സൗകര്യങ്ങൾക്കിടയിൽ നിന്നായിരുന്നു സോണറ്റ് തന്റെ ഐഎഎസ് സ്വപ്നം കണ്ടത്.24ാം വയസിൽ രണ്ടാമത്തെ ശ്രമത്തിൽ സിവിൽ സർവീസ് പരീക്ഷയിൽ 54ാം റാങ്ക് നേടി അവരുടെ പ്രതീക്ഷകൾക്ക് വെളിച്ചമേകിയിരിക്കുകയാണ് സോണറ്റ്. സാധാരണ കർഷക കുടുംബത്തിൽ നിന്ന് ഉയർന്നു വന്ന സോണറ്റ് കഠിനാധ്വാനത്തിന്റെ പ്രതീകമാണ്.




