പുലിപ്പല്ല് എന്ന് അറിയില്ലായിരുന്നുവെന്നും അന്വേഷണവുമായി സഹകരിക്കാമെന്നും വേടൻ കോടതിൽ അറിയിച്ചു. തുടർന്ന് പുലിപ്പല്ല് കേസിൽ റാപ്പർ വേടന് ജാമ്യം.
വനംവകുപ്പിന്റെ വാദങ്ങൾ തള്ളി പെരുമ്പാവൂർ കോടതിയാണ് ജാമ്യം അനുവദിച്ചത്. അതിനിടെ പിടിച്ചെടുത്ത പുലിപ്പല്ല് ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കാനാണ് വനംവകുപ്പ് നീക്കം. പുലിപ്പല്ലിൽ രൂപമാറ്റം വരുത്തി മാലയുണ്ടാക്കിയ തൃശൂരിലെ ജ്വല്ലറിയിൽ ഉൾപ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാണ് വേടനെ കോടതിയിൽ ഹാജരാക്കിയത്. എന്നാൽ വേടന് പുലിപ്പല്ല് നൽകിയ രഞ്ജിത്ത് കുമ്പിടിയുമായി ബന്ധപ്പെടാൻ വനംവകുപ്പിന് കഴിഞ്ഞിട്ടില്ല.
അന്വേഷണത്തോട് പൂർണമായും സഹകരിക്കാൻ തയ്യാറാണ്. രാജ്യം വിട്ട് പോകില്ല. പാസ്സ് പോർട്ട് സമർപ്പിക്കാനും തയ്യാർ. പുലിപ്പല്ല് എന്ന് വനം വകുപ്പ് പറയുന്നത് അല്ലാതെ ശാസ്ത്രീയമായ തെളിവ് ഒന്നുമില്ല. തൊണ്ടിമുതൽ കണ്ടെടുത്തിട്ടുണ്ട്. വനം വകുപ്പ് കസ്റ്റഡിക്കായി അപേക്ഷ നൽകിയിട്ടില്ല. അതിനാൽ ജാമ്യം നൽകണമെന്നും വേടൻ കോടതിയോട് അഭ്യർത്ഥിച്ചു.എന്നാൽ ജാമ്യപേക്ഷയെ വനം വകുപ്പ് എതിർത്തെങ്കിലും അത് അംഗീകരിക്കാതെയാണ് കോടതിയുടെ നടപടി.