കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ മറ്റേണിറ്റി കം ചൈല്‍ഡ് ഹെല്‍ത്ത് ബ്ലോക്ക് നിര്‍മ്മാണത്തിന് 6 കോടി 16 ലക്ഷത്തിന്റെ ഭരണാനുമതി ലഭിച്ചതായി ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. നിലവില്‍ 15 കോടി രൂപ അനുവദിച്ച് പൂര്‍ത്തിയാക്കിയ പുതിയ ബഹുനില കെട്ടിടം കൂടുതല്‍ രോഗീസൗഹൃദ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1 കോടി 72 ലക്ഷം അനുവദിച്ചിരുന്നു.
ഇത് കൂടാതെയാണ് ഇപ്പോള്‍ മെച്ചപ്പെട്ട പ്രസവ ചികിത്സയും കുട്ടികളുടെ ചികിത്സയും ഉറപ്പാക്കുന്നതിന് പ്രത്യേക കെട്ടിട നിര്‍മ്മാണത്തിന് തുക അനുവദിച്ചിരിക്കുന്നത്. എച്ച് എല്‍ എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിനാണ് നിര്‍മ്മാണ ചുമതല. പ്രസ്തുത നിര്‍മ്മിതിക്ക് ആവശ്യമായ സ്ഥലം ലഭ്യമാക്കുന്നതിന്റെ ഭാഗമായി പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റും. എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കി പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ചീഫ് വിപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.