വാഴൂർ:സിപിഐ നേതാവും പീരുമേട് എംഎൽഎയുമായ വാഴൂർ സോമൻ അന്തരിച്ചു. 73 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം.
മന്ത്രി കെ. രാജൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത തിരുവനന്തപുരത്ത് പിടിപി നഗറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കേന്ദ്രത്തില്‍ നടന്ന റവന്യൂ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനിടെയാണ് എംഎല്‍എ കുഴഞ്ഞു വീണത്.
പ്രവർത്തന മേഖല മാറിയിട്ടും സ്വന്തം ഗ്രാമത്തിന്റെ പേരായ വാഴൂരിനെ നെഞ്ചോട് ചേർത്തു പിടിച്ച് അനശ്വരമാക്കിയ നേതാവായിരുന്നു വാഴൂർ സോമൻ എം എൽ എ . വാഴൂർ പതിനേഴാം മൈൽ ഇലവിനാക്കുന്നേൽ കുഞ്ഞു പാപ്പന്റെയും പാർവ്വതിയുടെയും ഏഴ് മക്കളിൽ ആറാമനാണ് വാഴൂർ സോമൻ എന്ന പേരിൽ അറിയപ്പെടുന്ന കെ സി സോമൻ . പരേതരായ റ്റി കെ കരുണൻ, വാസവൻ എന്നിവരെ കൂടാതെ സര സമ്മ, രാജമ്മ, കെ പി ദാസ്, കെ പി ശ്യാമള എന്നിവരാണ് മറ്റ് സഹോദരങ്ങൾ . ഭാര്യ ബിന്ദു. അഡ്വ. സോബിൻ സോമൻ ( പീരുമേട് ബാർ അസോസിയേഷൻ വൈസ് പ്രസിഡന്റ്), അഡ്വ. സോബിസ് സോമൻ (കോഴിക്കോട്, മാവൂർ ) എന്നിവർ മക്കളാണ്. വാഴൂരിലെ തറവാട് വീട്ടിൽ സഹോദരൻ കെ പി ദാസ് , ഭാര്യ പ്രേമ, ഇളയ മകൻ മനു ദാസ് എന്നിവരാണ് ഇപ്പോൾ താമസിക്കുന്നത്.
![]() |
വാഴൂർ സോമൻ എം എൽ എ യുടെ വാഴൂരിലെ കുടുംബ വീട് |
വാഴൂർ എസ് ആർ വി എൻ എസ് എസ് സ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. എസ് വി ആർ എൻ എസ് എസ് കോളേജിൽ പ്രീഡിഗ്രി പഠനം. ഇക്കാലത്ത് വിദ്യാർത്ഥി പ്രസ്ഥാനമായ എ ഐ എസ് എഫിന്റെ സജീവ പ്രവർത്തകനും , നേതാവുമായി. പിന്നീട് യുവജന പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി. 22-ാമത്തെ വയസിലാണ് പാർട്ടി നിർദ്ദേശപ്രകാരം തൊഴിലാളികളുടെ ഇടയിൽ പ്രവർത്തിക്കുന്നതിന് പീരുമേടിലെത്തിയത്. തേയില തൊഴിൽ മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിക്കലായിരുന്നു പ്രഥമ ദൗത്യം. കിഴക്കൻ മേഖലയിൽ തേയില തൊഴിലാളികളുടെ ആദ്യ യൂണിയൻ ഉണ്ടാക്കിയത് ഇദ്ദേഹത്തിന്റെ കഠിന പ്രയത്‌ന ഫലമായിരുന്നു. ഇതേ തുടർന്ന് മാനേജ് മെന്റുകളുടെ ക്രൂര പീഠനത്തിന് ഇരയായി.
ശാരീരികമായി നിരവധി പരാധീനതകൾ അനുഭവിക്കേണ്ടി വന്നു. ഉത്തരേന്ത്യയിലും പാർട്ടിക്കു വേണ്ടി പ്രവർത്തിച്ചു. ഇതിനിടയിൽ മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും പ്രാവണ്യം നേടി. തമിഴിലും, മലയാളത്തിലും അനായാസമായി പ്രസംഗിച്ചും, നിസ്വാർത്ഥമായി പ്രവർത്തിച്ചും തൊഴിലാളി ഹൃദയങ്ങളിൽ ഇടം പിടിച്ചു. ആറു മാസക്കാലം പാർട്ടി നിർദ്ദേശാനുസരണം റഷ്യയിൽ താമസിച്ച് പാർട്ടി കാര്യങ്ങൾ സംബന്ധിച്ച് പഠനം നടത്തി. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പീരുമേട്ടിൽ നിന്ന് മത്സരിച്ച് എം എൽ എ ആയി. എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു വരുന്നതിനിടയിലാണ് അകാലത്തിലുള്ള ദേഹവിയോഗം സംബവിച്ചത്