കര്‍ണാടകയിലെ അലന്ദ് നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് ആറായിരത്തോളം പേരെ നീക്കിയതായി രാഹുല്‍ ഗാന്ധി തെളിവുകള്‍ സഹിതം ആരോപിച്ചു. ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ വീണ്ടും വിമര്‍ശനമുന്നയിച്ചത്. ഇത് ഹൈഡ്രജന്‍ ബോംബല്ലെന്നും ഹൈഡ്രജന്‍ ബോംബ് വരുന്നതേയുള്ളൂവെന്നും പറഞ്ഞാണ് രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനം ആരംഭിച്ചത്.
രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും വ്യക്തികളെ നേരിട്ട് കേള്‍ക്കാതെ ഓണ്‍ലൈനായി രാഹുല്‍ഗാന്ധി പറഞ്ഞത് പോലെ വോട്ട് ഒഴിവാക്കാനാവില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി.
ഓണ്‍ലൈനായി വോട്ട് ഒഴിവാക്കുന്നതിനുള്ള സാധ്യതയില്ലെന്നും വോട്ടറിനെ കേള്‍ക്കാതെ വോട്ട് ഒഴിവാക്കുന്ന നടപടി പൂര്ത്തീകരിക്കാനുമാകില്ലെന്നും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞു. ഉന്നയിച്ചിരിക്കുന്ന ഈ ആക്ഷേപം 2023ലെ നിയമസഭ തെരഞ്ഞെടുപ്പിലേതാണെന്നും അന്ന് ചില ക്രമക്കേടുകള്‍ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും പക്ഷേ ആ നീക്കം ഫലപ്രദമായില്ലെന്നും കൃത്യമായി അതിനെ തടഞ്ഞിരുന്നെന്നും കമ്മീഷന് വ്യക്തമാക്കി.


