പറക്കുന്ന പതാക, പൊരുത്തമില്ലാത്ത കാൽപ്പാടുകൾ, നക്ഷത്രങ്ങളുടെ അഭാവം എന്നിവയാണ് ദൗത്യം വ്യാജമായിരുന്നു എന്ന് വിശ്വസിക്കാൻ തന്നെ പ്രേരിപ്പിച്ച കാരണങ്ങൾ എന്നാണ് കിം നടൻ സാറാ പോൾസണുമായുള്ള സംഭാഷണത്തിനിടെ പറഞ്ഞത്.
'ബസ്സ് ആൽഡ്രിനെയും നീൽ ആംസ്ട്രോങ്ങിനെയും കുറിച്ചുള്ള ദശലക്ഷക്കണക്കിന് ലേഖനങ്ങൾ ഞാൻ നിങ്ങൾക്ക് അയക്കുന്നുണ്ട്. നമ്മൾ ചന്ദ്രനിൽ പോയിട്ടുണ്ടെന്ന് ഞാൻ കരുതുന്നില്ല. അതൊരു തട്ടിപ്പായിരുന്നു എന്നാണ് ഞാൻ കരുതുന്നത്. എന്ത് തന്നെയായാലും വിമർശകർ എന്നെ ഭ്രാന്തി എന്ന് വിളിക്കും. പക്ഷേ, നിങ്ങൾ ടിക് ടോക്കിൽ പോയി നോക്കൂ. സ്വയം കണ്ടു മനസിലാക്കൂ' എന്നാണ് കിം പറയുന്നത്.
നടിയുടെ വാദങ്ങൾ കേട്ട് ആശ്ചര്യപ്പെട്ട അവതാരകനായ പോൾസൺ, തെളിവുകൾ പങ്കുവെക്കാൻ കിമ്മിനോട് ആവശ്യപ്പെടുന്നുണ്ട്. ഓൺലൈനിൽ കണ്ട വീഡിയോകളെ അടിസ്ഥാനമാക്കിയാണ് മറുപടി പറഞ്ഞത് എന്നാണ് കിം പറയുന്നത്. ഇതോടെ കിം കദാർഷിയന്റെ സംശയങ്ങൾക്ക് മറുപടിയുമായി നാസയുടെ ആക്ടിംഗ് അഡ്മിനിസ്ട്രേറ്റർ ഷോൺ ഡഫി തന്നെ രംഗത്തെത്തി. ആറ് തവണ മനുഷ്യൻ ചന്ദ്രനിൽ പോയിട്ടുണ്ടെന്ന് അദ്ദേഹം കിം കർദാഷിയാനെ മെൻഷൻ ചെയ്തുകൊണ്ട് എക്സിൽ കുറിച്ചു. മനുഷ്യരെ വീണ്ടും ചന്ദ്രോപരിതലത്തിൽ എത്തിക്കാൻ ലക്ഷ്യമിടുന്ന നാസയുടെ ആർട്ടെമിസ് ദൗത്യത്തെ കുറിച്ചും അദ്ദേഹം പരാമർശിച്ചു.


