പിണറായി 3.o ലക്ഷ്യമിട്ട്, തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പന്‍ പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളുമായി പിണറായി സര്‍ക്കാര്‍. ക്ഷേമ പെന്ഷന് 1600 രൂപയില്‍ നിന്ന് 2000 രൂപയാക്കി. നിലവില്‍ സഹായം കിട്ടാത്ത 35 നും 60 നും ഇടയില്‍ പ്രായമുള്ള പാവപ്പെട്ട സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ നല്‍കും. പ്രതി വര്‍ഷം ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള യുവാക്കള്‍ക്ക് പ്രതിമാസം 1000 രൂപ സ്കോളര്‍ഷിപ്പും പ്രഖ്യാപിച്ചു. അങ്കണവാടി ജീവനക്കാര്‍, സാക്ഷരതാ പ്രേരക്, ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ക്ക് 1000 രൂപ കൂടി പ്രതി മാസ ഓണറേറിയവും നല്‍കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസ തീരുമാനങ്ങളുണ്ട്.
ഒരു ഗഡു ഡി എ കൂടി എല്ലാവര്ക്കും അനുവദിച്ചു. ട്രാന്‍സ് വുമണ്‍ അടക്കമുള്ള പാവപ്പെട്ട സ്ത്രീകള്‍ക്ക് സഹായം ലഭ്യമാവുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു ബജറ്റ് അവതരണ മാതൃകയിലുള്ള ജനക്ഷേമ പ്രഖ്യാപനങ്ങള്‍. അതേസമയം ജനപ്രിയ ബജറ്റുകളെ തോല്‍പ്പിക്കുന്ന നിലയിലുള്ള ക്ഷേമ പദ്ധതി പ്രഖ്യാപനങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.